'നീതി ലഭിക്കണം, ലഭിച്ചത് മറ്റൊരാളുടെ മൃതദേഹം, കുടുംബത്തിന്‍റെ വേദന വർധിപ്പിക്കുന്നു'; അഹമ്മദാബാദ് വിമാന അപകടത്തിൽ സഹോദരനെ നഷ്ടപ്പെട്ട യുവതി

വിമാനത്തിൽ 53 ബ്രിട്ടിഷ് പൗരന്മാരാണ് ഉണ്ടായിരുന്നത്

Aug 9, 2025 - 22:31
Aug 9, 2025 - 22:31
 0
'നീതി ലഭിക്കണം, ലഭിച്ചത് മറ്റൊരാളുടെ മൃതദേഹം, കുടുംബത്തിന്‍റെ വേദന വർധിപ്പിക്കുന്നു'; അഹമ്മദാബാദ് വിമാന അപകടത്തിൽ സഹോദരനെ നഷ്ടപ്പെട്ട യുവതി

ലണ്ടൻ: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച സഹോദരന്‍റെ മൃതദേഹത്തിന് പകരം മറ്റൊരാളുടെ മൃതദേഹം ലഭിച്ചത് കുടുംബത്തിന്‍റെ വേദന വർധിപ്പിക്കുന്നെന്ന് സഹോദരനെ നഷ്ടപ്പെട്ട യുവതി. ജൂൺ 12നുണ്ടായ വിമാനാപകടത്തിൽ മരിച്ച ഫിയോംഗൽ ഗ്രീൻലോ-മീക്കിന്റെ സഹോദരി അർവെൻ ഗ്രീൻലോ ആണ് സഹോദരന്റെ മൃതദേഹം തെറ്റായി ലഭിച്ചതിൽ വേദന അറിയിച്ചത്. രാജ്യാന്തര മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിലാണ് ഇവർ ഇക്കാര്യം വെളിപ്പെടുത്തിയത്. 

എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ തകർന്നുണ്ടായ വിമാനാപകടത്തിൽ ഒരു യാത്രക്കാരനൊഴിച്ച് 241 പേർക്ക് ജീവൻ നഷ്ടമായി. വിമാനത്തിൽ 53 ബ്രിട്ടിഷ് പൗരന്മാരാണ് ഉണ്ടായിരുന്നത്. ഇവരിൽ ഇന്ത്യയിൽ വിവാഹ വാർഷികം ആഘോഷിച്ച ശേഷം ബ്രിട്ടനിലേക്ക് മടങ്ങുകയായിരുന്ന ഫിയോംഗൽ ഗ്രീൻലോ-മീക്കും (39) ഭർത്താവ് ജാമിയും (45) ഉൾപ്പെടുന്നു. 

അഹമ്മദാബാദിലെ സർക്കാർ സിവിൽ ഹോസ്പിറ്റലാണ് ഡി.എൻ.എ. സാംപിൾ ശേഖരണം നടത്തിയത്. തുടർന്ന്, ഗ്രീൻലോ-മീക്കിന്റെ അമ്മ അമാൻഡ ഡൊണാഗെ തന്റെ മകന്റെ മൃതദേഹം തിരിച്ചറിയുന്നതിനായി ഇന്ത്യയിൽ എത്തുകയും ഡി.എൻ.എ. സാംപിൾ നൽകുകയും ചെയ്തു. എന്നാൽ, ജൂലൈ അഞ്ചിന്, ലണ്ടനിൽ നടത്തിയ ഡി.എൻ.എ. പരിശോധനയിൽ മകന്റെ അവശിഷ്ടങ്ങൾ അല്ല ഇതെന്ന് തെളിയുകയായിരുന്നു. ഇത് ഹൃദയഭേദകമാണെന്ന് ഗ്രീൻലോ-മീക്കിന്റെ അമ്മ അമാൻഡ പറഞ്ഞു. 

'തന്റെ സഹോദരന്റെ മൃതദേഹം തെറ്റായി അടയാളപ്പെടുത്തിയതിൽ തങ്ങൾ നീതി ലഭിക്കണം. അവശിഷ്ടങ്ങൾ ആരോ തെറ്റായി ലേബൽ ചെയ്തു, അത് ആഘാതം വർധിപ്പിച്ചു,' അർവെൻ ഗ്രീൻലോ പറഞ്ഞു. എയർ ഇന്ത്യ വിമാനത്തിൽ കയറുന്നതിന് നിമിഷങ്ങൾക്ക് മുൻപ്, ഗ്രീൻലോ-മീക്കും ഭർത്താവ് ജാമിയും ഇവരുടെ സമൂഹമാധ്യമത്തിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇന്ത്യയിൽ ചെലവഴിച്ച നിമിഷത്തെ 'മാന്ത്രികമായ അനുഭവം' എന്നാണ് ഇവർ വിഡിയോയിൽ വിശേഷിപ്പിച്ചത്.

മരിച്ച യു.കെ. പൗരന്മാരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിൽ തെറ്റുണ്ടായെന്ന് കുടുംബം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ പ്രതികരിച്ച ഇന്ത്യൻ സർക്കാർ, ആശങ്കകളും പ്രശ്നങ്ങളും ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യു.കെ. അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് അറിയിച്ചു. അപകടത്തെ തുടർന്ന്, നിലവിലുള്ള പ്രോട്ടോക്കോളും സാങ്കേതിക ആവശ്യകതകളും അനുസരിച്ചാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതെന്നും എല്ലാ മൃതദേഹങ്ങളും അതീവ ശ്രദ്ധയോടും അന്തസ്സോടും കൂടിയാണ് കൈകാര്യം ചെയ്തതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow