ലൈഫ് മിഷൻ പൂട്ടാൻ യുഡിഎഫ്; ജനങ്ങളെ വെല്ലുവിളിച്ചാൽ തെരുവിൽ നേരിടുമെന്ന് സിപിഎം!

May 22, 2026 - 19:03
May 22, 2026 - 19:04
 0
ലൈഫ് മിഷൻ പൂട്ടാൻ യുഡിഎഫ്; ജനങ്ങളെ വെല്ലുവിളിച്ചാൽ തെരുവിൽ നേരിടുമെന്ന് സിപിഎം!

ലൈഫ് മിഷൻ ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികൾ പിരിച്ചുവിടാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തെത്തിയിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഈ പ്രഖ്യാപനം ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് പാർട്ടി കുറ്റപ്പെടുത്തുന്നു. ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തന ഫലമായി അഞ്ച് ലക്ഷത്തിലധികം വീടുകൾ യാഥാർഥ്യമാക്കിയ മാതൃകാ പദ്ധതിയാണ് ലൈഫ് മിഷൻ. ലക്ഷക്കണക്കിന് ആളുകൾക്ക് സ്വന്തമായി അടച്ചുറപ്പുള്ള വീടെന്ന അഭിമാനബോധം നൽകിയ ഈ പദ്ധതി ഇല്ലാതാക്കുന്നതിലൂടെ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ഒരു ലക്ഷത്തിലധികം വീടുകളുടെ ഭാവിയും, അടുത്ത ഘട്ടത്തിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഭൂമിയുള്ളവരും ഇല്ലാത്തവരുമായ കുടുംബങ്ങളുടെ പ്രതീക്ഷകളുമാണ് യുഡിഎഫ് തകർക്കുന്നത്. രാഷ്ട്രീയ പ്രേരിതമായ ഈ ജനവിരുദ്ധ നടപടിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ സംസ്ഥാനത്ത് ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകുന്നു.

​കേന്ദ്ര സർക്കാരിന്റെ ബ്രാൻഡിങ് നിർദേശങ്ങളെയും ചാപ്പകുത്തലുകളെയും ധീരമായി തള്ളിക്കൊണ്ടാണ് കേരളം ഈ അഭിമാനനേട്ടം കൈവരിച്ചത്. രാജ്യത്ത് തന്നെ ഭവന പദ്ധതികൾക്കായി ഏറ്റവും ഉയർന്ന തുക (ജനറൽ വിഭാഗത്തിന് നാല് ലക്ഷവും പട്ടികവർഗ സങ്കേതങ്ങളിൽ ആറ് ലക്ഷവും) നൽകിയ സംസ്ഥാനമാണ് കേരളം. ബിജെപിയും കേന്ദ്ര സർക്കാരും നിരന്തരം അട്ടിമറിക്കാൻ ശ്രമിച്ച ഈ പദ്ധതിയെ ഇപ്പോൾ യുഡിഎഫ് പൂർണ്ണമായി ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് പ്രസ്താവന വ്യക്തമാക്കുന്നു. ലൈഫ് മിഷന് പുറമെ, കേരളത്തിന്റെ പച്ചപ്പും ശുചിത്വവും ലക്ഷ്യമിട്ട ഹരിതകേരള മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, പൊതുജനാരോഗ്യ രംഗം മെച്ചപ്പെടുത്തിയ ആർദ്രം മിഷൻ എന്നിവയും പിരിച്ചുവിടാനുള്ള നീക്കം യുഡിഎഫിന്റെ കപട രാഷ്ട്രീയത്തിന്റെ തെളിവാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow