തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിലായ ശങ്കരദാസിനെ ആശുപത്രി മാറ്റുന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടാകും. നിലവിൽ സ്വകാര്യ ആശുപത്രിയിലാണ് ശങ്കർദാസ് ഉള്ളത്. തിരുവനന്തപുരത്തെ എസ്പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ ഇന്നലെയാണ് കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്തത്.
ശങ്കരദാസിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ചു മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് SIT ഇന്ന് കോടതിയിൽ ഹാജരാക്കും. ശങ്കരദാസിനെ ജയിലിലെ ഡോക്ടർ വന്ന് പരിശോധന നടത്തിയശേഷമായിരിക്കും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമോ, അതോ ജയിലേക്ക് മാറ്റണമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുക.
മാറ്റാന്‍ കഴിയാത്ത വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ എസ്.പി. മെഡിഫോര്‍ട്ട് ആശുപത്രിയില്‍ തന്നെ ചികിത്സ തുടരാന്‍ അനുവദിക്കാനാണ് സാധ്യത. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ് ശങ്കർദാസ്. ഇന്നലെ വൈകുന്നേരമാണ് ആശുപത്രിയിലെത്തി കൊല്ലം വിജിലൻസ് കോടതി ജഡ്ജി ശങ്കരദാസിനെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.