ഗർഭിണി കാറിനുള്ളിൽ വെന്തുമരിച്ച സംഭവം ദുരൂഹതയിലേക്ക് യുവതി പെട്രോളുമായി പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

May 19, 2026 - 09:59
May 19, 2026 - 09:59
 0
ഗർഭിണി കാറിനുള്ളിൽ വെന്തുമരിച്ച സംഭവം ദുരൂഹതയിലേക്ക്  യുവതി പെട്രോളുമായി പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

കോഴിക്കോട്: ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ നാടകീയമായ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. തീപിടിച്ച കാറിനകത്ത് പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയതിനൊപ്പം, മരിച്ച സോന കയ്യിൽ കാനുമായി പെട്രോള്‍ വാങ്ങാന്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. പാലേരി കല്ലിക്കണ്ടി സ്വദേശിയായ 27 കാരി സോനയാണ് അപകടത്തിൽ ദാരുണമായി മരിച്ചത്. സംഭവത്തിൽ 65 ശതമാനത്തിലേറെ പൊള്ളലേറ്റ ഭർത്താവ് രജിന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ബേണ്‍സ് ഐസിയുവില്‍ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മുഖത്തും നെഞ്ചിലും ആഴത്തിൽ പൊള്ളലേറ്റതിനാൽ രജിന്റെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ഗൾഫിലായിരുന്ന രജിൻ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. 

അതേസമയം, സോനയുടേത് ആസൂത്രിതമായ കൊലപാതകമാണെന്ന സംശയവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കാറിന് തീപിടിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെയും ഫോറൻസിക് വിദഗ്ധരുടെയും സംയുക്ത പരിശോധനയിലെ പ്രാഥമിക കണ്ടെത്തൽ. കാറിനുള്ളിലെ വയറിങ്, ഇന്ധനടാങ്ക്, എസി സംവിധാനം, മുന്‍വശത്തെ റേഡിയേറ്റര്‍ ഭാഗം എന്നിവയിലൊന്നും തന്നെ യാതൊരുവിധ തകരാറുകളും കണ്ടെത്താനായിട്ടില്ല.

കാറിന്റെ പിന്‍സീറ്റും മുന്‍ഭാഗവും പൂര്‍ണമായും കത്തിയമർന്നിട്ടും ബോണറ്റിലേക്ക് തീപടരാതിരുന്നതാണ് തുടക്കം മുതലേ വലിയ സംശയങ്ങൾക്ക് വഴിവെച്ചത്. കാറിനുള്ളില്‍ നിന്നും കത്താതെ അവശേഷിച്ച തുണികള്‍, ബാഗിന്റെ അവശിഷ്ടങ്ങൾ, മൊബൈൽ ഫോൺ, വെള്ളത്തിന്റെ സാമ്പിള്‍ എന്നിവയെല്ലാം വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പെട്രോളിന്റെ സാന്നിധ്യം കൂടി സ്ഥിരീകരിച്ചതോടെ കേസ് ആത്മഹത്യയോ കൊലപാതകമോ എന്നതടക്കമുള്ള എല്ലാ വശങ്ങളും പരിശോധിച്ചാണ് പൊലീസ് മുന്നോട്ട് പോകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow