അമേരിക്കയിലെ സാൻ ഡീഗോയിൽ വെടിവെയ്പ്പ്: അക്രമിയടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു
ന്യൂയോർക്ക്: അമേരിക്കയിൽ ഇസ്ലാമിക് സെന്ററിന് പുറത്തുണ്ടായ വെടിവെയ്പ്പിൽ അക്രമികൾ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. കാലിഫോർണിയയിലെ സാൻ ഡീഗോയിലുള്ള പ്രമുഖ ഇസ്ലാമിക് സെന്ററിന് മുൻപിലാണ് ദാരുണമായ സംഭവം നടന്നത്. കൊല്ലപ്പെട്ടവരിൽ ഒരു സുരക്ഷാ ജീവനക്കാരനും രണ്ട് കൗമാരക്കാരും ഉൾപ്പെടുന്നതായാണ് വിവരം.
ആക്രമണം നടത്തിയ 17-ഉം 19-ഉം വയസ്സുള്ള രണ്ട് കൗമാരക്കാരെയും പിന്നീട് സംഭവസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച നടന്ന ഈ വെടിവെയ്പ്പ് ഒരു വിദ്വേഷ കുറ്റകൃത്യമായാണ് (Hate Crime) പോലീസ് പ്രാഥമികമായി വിലയിരുത്തുന്നത്.
സാൻ ഡീഗോ കൗണ്ടിയിലെ ഏറ്റവും വലിയ പള്ളികളിലൊന്നിന് നേരെയാണ് ആക്രമണമുണ്ടായത്. അഞ്ചു വയസ്സ് മുതലുള്ള കുട്ടികൾക്ക് അറബി ഭാഷ, ഇസ്ലാമിക പഠനം, ഖുറാൻ പാരായണം എന്നിവയിൽ കോഴ്‌സുകൾ നൽകുന്ന 'അൽ റാഷിദ് സ്‌കൂളും' ഈ ഇസ്ലാമിക് സെൻ്ററിലാണ് പ്രവർത്തിക്കുന്നത്. നിരവധി അപ്പാർട്ട്മെന്റുകളും സ്ട്രിപ്പ് മാളുകളും ഉൾപ്പെടുന്ന വലിയൊരു ജനവാസ മേഖലയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. വെടിവെയ്പ്പിനെക്കുറിച്ച് എല്ലാ വശങ്ങളും അന്വേഷണം നടത്തുമെന്ന് സാൻ ഡീഗോ പോലീസ് മേധാവി സ്കോട്ട് വാൾ വ്യക്തമാക്കി.
What's Your Reaction?



