അബ്ദുൽ റഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കുന്നു; മോചനം ഉടനടി

May 19, 2026 - 08:54
May 19, 2026 - 10:17
 0
അബ്ദുൽ റഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കുന്നു; മോചനം ഉടനടി

റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് ജയിൽശിക്ഷ അനുഭവിക്കുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ഒടുവിൽ മോചനത്തിലേക്ക്. റഹീമിന്റെ ശിക്ഷാകാലാവധി ഇന്ന് അവസാനിക്കുന്നതോടെ, ഇനി ഔദ്യോഗികമായ തുടർനടപടികൾ മാത്രമാണ് അവശേഷിക്കുന്നത്. ഇവ വേഗത്തിൽ പൂർത്തിയാക്കി അദ്ദേഹം ഉടൻ തന്നെ നാട്ടിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേസിനാസ്പദമായ സംഭവം നടക്കുന്നത് 2006 നവംബറിലാണ്.  കഴുത്തിന് താഴെ പൂർണ്ണമായും ചലനശേഷി ഇല്ലാതിരുന്ന അനസ് എന്ന സൗദി ബാലനെ പരിചരിക്കുന്നതിനിടെയുണ്ടായ ഒരു നിർഭാഗ്യകരമായ അബദ്ധമാണ് റഹീമിന്റെ ജീവിതം ജയിലറയ്ക്കുള്ളിലാക്കിയത്. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു അനസിന് ഭക്ഷണം നൽകിയിരുന്നത്. ഒരു ദിവസം ഷോപ്പിംഗിനായി പുറത്തുപോയപ്പോൾ, ട്രാഫിക് സിഗ്നൽ ലംഘിച്ച് വണ്ടി മുന്നോട്ട് എടുക്കാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിടുകയും മുഖത്ത് പലതവണ തുപ്പുകയും ചെയ്തു. ഇത് തടയാൻ റഹീം കൈ അടിയന്തിരമായി മുന്നോട്ട് ആഞ്ഞപ്പോൾ അബദ്ധത്തിൽ കൈ അനസിന്റെ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയായിരുന്നു.  തുടർന്ന് ബോധരഹിതനായ ബാലൻ മരണപ്പെടുകയും, സൗദി പോലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. 2006 ഡിസംബർ മുതൽ റഹീം ജയിലിലാണ്.

തുടർന്ന് സൗദി കോടതി റഹീമിന് വധശിക്ഷ വിധിച്ചെങ്കിലും ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നടങ്കം കൈകോർത്ത് 1.5 കോടി സൗദി റിയാൽ (34 കോടിയിലധികം ഇന്ത്യൻ രൂപ) ദിയാധനം (മോചനദ്രവ്യം) സമാഹരിച്ചു നൽകിയതോടെയാണ് വധശിക്ഷ റദ്ദാക്കപ്പെട്ടത്. വധശിക്ഷ ഒഴിവാക്കിയ റിയാദ് കോടതി, റഹീമിന് 20 വർഷത്തെ തടവുശിക്ഷ വിധിച്ച് കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനകം തന്നെ 19 വർഷത്തോളം ജയിൽവാസം അനുഭവിച്ചു കഴിഞ്ഞിരുന്നതിനാൽ ഒരു വർഷം കൂടി മാത്രം ശിക്ഷ പൂർത്തിയാക്കിയാൽ മതിയായിരുന്നു. കഴിഞ്ഞ വർഷം മെയ് 26-നായിരുന്നു ഈ നിർണ്ണായക വിധി വന്നത്. ആ കാലാവധിയാണ് ഇന്ന് പൂർത്തിയാകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow