തിരുവനന്തപുരം: കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. എംഎസ്‌സി എൽസ 3 എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. കപ്പൽ മുങ്ങിയതിനെ തുടർന്ന് സംസ്ഥാനത്ത് ഉണ്ടായത് ഗുരുതരമായ പാരിസ്ഥിതിക – സാമൂഹിക- സാമ്പത്തിക ആഘാതമെന്നും വിലയിരുത്തിയാണ് പ്രഖ്യാപനം.
ദുരന്തനിവാരണ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി. കേരള തീരത്ത് നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലാണ് അപകടമുണ്ടായത്. ഇക്കഴിഞ്ഞ 24നാണ് കൊച്ചി പുറംകടലിന് സമീപം അറബിക്കടലിൽ കപ്പൽ മുങ്ങിയത്.
സംഭവം ഗുരുതരമായ പാരിസ്ഥിതിക ആശങ്കകൾ ഉയർത്തിയതും എണ്ണ ചോർച്ചയും ചരക്ക് ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കേരളത്തിന്റെ തീരപ്രദേശത്ത് അടിഞ്ഞതും സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നതിന് കാരണമായി.