തൃശ്ശുര്‍: മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഉറച്ച് ലാലി ജെയിംസ്. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്താലും താൻ കോൺഗ്രസുകാരിയായി തുടരുമെന്ന് കോൺഗ്രസിൽ നിന്ന് നടപടി നേരിട്ട തൃശൂരിലെ കൗൺസിലർ ലാലി ജെയിംസ് വ്യക്തമാക്കി. കോൺഗ്രസിൽ നിന്ന് നടപടി നേരിട്ടതിന് പിന്നാലെയാണ് ലാലി ജെയിംസിന്റെ പ്രതികരണം.
അഴിമതിയുള്ള ഫയലുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടും. അഴിമതിരഹിത ഭരണമാണ് ആഗ്രഹിക്കുന്നതെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു. ഡിസിസി പ്രസിഡന്റ് ഇക്കാര്യത്തിൽ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നുവെന്നും ലാലി ജെയിംസ് പറഞ്ഞു.
താൻ ഒരിക്കലും ഒരു സാങ്കൽപ്പിക ലോകത്തല്ല. കോൺഗ്രസുകാരിയായി തുടരാൻ കോൺഗ്രസിന്റെ അംഗത്വം ആവശ്യമില്ലെന്നും ലാലി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് ലാലി ജെയിംസിനെ സസ്പെൻഡ് ചെയ്തത്. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെ കോഴ ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് നടപടി.