വിവാദങ്ങൾക്കിടെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; ധനബില്ലിൽ ഉൾപ്പെടുത്തി സർക്കാർ
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് ധനബില്ലിൽ ഉൾപ്പെടുത്തി സർക്കാർ. നിലവിലെ 250 ശതമാനം നികുതി 120 ശതമാനമാക്കി കുറയ്ക്കുന്ന നിർദേശമാണ് ധനബില്ലിന്റെ കരടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കരട് ഗസറ്റിൽ പ്രസിദ്ധീകരിച്ച സർക്കാർ, ജൂലൈ 1ന് ധനബിൽ നിയമസഭയിൽ അവതരിപ്പിക്കും.
ധനബില്ലിൽ ഈ നിർദേശം ഉൾപ്പെടുത്തരുതെന്ന് മുന്നണിയിലെ നേതാക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അതുമായി മുന്നോട്ടുപോയി. ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതോടെയാണ് വിഷയം വിവാദമായത്. 0.5 മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനവും 10 മുതൽ 20 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 175 ശതമാനവും നികുതി ഏർപ്പെടുത്താനാണ് തീരുമാനം.
2022-23ലെ അബ്കാരി നയത്തിൽ വീര്യം കുറഞ്ഞ മദ്യവിൽപ്പനയ്ക്ക് അനുമതി നൽകിയിരുന്നെങ്കിലും നികുതി ഘടന പ്രഖ്യാപിച്ചിരുന്നില്ല. ഇതുമൂലം കമ്പനികൾ കേരളത്തിൽ ഇത്തരം ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചിരുന്നില്ല. അതേസമയം, പുതിയ നികുതിയിളവിന് പിന്നിൽ മദ്യലോബിയുടെ സ്വാധീനമാണെന്ന് ആരോപിച്ച് പ്രതിപക്ഷവും സിപിഐഎം നേതാക്കളും സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
What's Your Reaction?



