കെ.എസ്.ആർ.ടി.സി സൗജന്യ സ്ത്രീയാത്ര: തുടക്കം ഓർഡിനറി ബസുകളിൽ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന സുപ്രധാന പദ്ധതിക്ക് ഈ മാസം 15-ന് തുടക്കമാകും. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുക. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി. ഡി. സതീശനും ഗതാഗത മന്ത്രി സി. പി. ജോണും തമ്മിൽ നടത്തിയ നിർണായക കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.
തുടക്കത്തിൽ 100 ദിവസത്തെ പരീക്ഷണ ഓട്ടമാണ് ഓർഡിനറി ബസുകളിൽ ലക്ഷ്യമിടുന്നത്. ഇതിനുശേഷം വ്യക്തമായ പഠന റിപ്പോർട്ട് തയ്യാറാക്കിയ ശേഷമായിരിക്കും ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള മറ്റ് സർവീസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുക.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് മുന്നോട്ട് വെച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരണ്ടി'യുടെ ഭാഗമായാണ് ഈ പദ്ധതി യാഥാർത്ഥ്യമാകുന്നത്. അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നു.
നിലവിൽ കെഎസ്ആർടിസിയെ ആശ്രയിക്കുന്ന പ്രതിദിന യാത്രക്കാരിൽ പകുതിയോളം വരുന്ന 11 ലക്ഷത്തിലധികം വരുന്ന സ്ത്രീകൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. പദ്ധതി വലിയ സാമ്പത്തിക ബാധ്യത വരുത്താത്ത രീതിയിൽ നടപ്പിലാക്കാൻ വിവിധ തലങ്ങളിൽ ചർച്ചകൾ നടന്നിരുന്നു.
ഇതിന്റെ ഭാഗമായി സ്ത്രീകൾ യാത്ര ചെയ്യുന്ന ടിക്കറ്റ് തുക സബ്‌സിഡിയായി സർക്കാർ നേരിട്ട് കെഎസ്ആർടിസിക്ക് കൈമാറാനാണ് നിലവിലെ തീരുമാനം. ഇതിനായി സംസ്ഥാന ബജറ്റിൽ പ്രത്യേക ഫണ്ട് വകയിരുത്തും. പദ്ധതിയുടെ കൃത്യമായ നടത്തിപ്പിനായി കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്ന വനിതകളുടെ കൃത്യമായ കണക്കെടുപ്പ് ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു.
What's Your Reaction?



