"ഡൽഹി സർവകലാശാല പ്രൊഫസർ ദെബോസ്മിത പോളിന്റെ കൊലപാതക കേസ്; പ്രതികളെ പശ്ചിമ ബംഗാളിൽ നിന്ന് പിടികൂടി പോലീസ്

Jun 8, 2026 - 11:53
Jun 8, 2026 - 11:53
 0
"ഡൽഹി സർവകലാശാല പ്രൊഫസർ ദെബോസ്മിത പോളിന്റെ കൊലപാതക കേസ്; പ്രതികളെ പശ്ചിമ ബംഗാളിൽ നിന്ന് പിടികൂടി  പോലീസ്

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ ശിവാജി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ദെബോസ്മിത പോളിനെ (49) ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ പ്രതികളായ ദമ്പതികളെ ഡൽഹി പൊലീസ് പശ്ചിമ ബംഗാളിൽ നിന്ന് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശികളായ രാംപ്രസാദ് ദാസ് (42), ഭാര്യ ബനശ്രീ ദാസ് (36) എന്നിവരെയാണ് ഞായറാഴ്ച പൊലീസ് പിടികൂടിയത്. ഇവരോടൊപ്പം കുറ്റകൃത്യത്തിൽ പങ്കാളിയായ പ്രായപൂർത്തിയാകാത്ത മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ബർധമാനിലുള്ള പ്രൊഫസറുടെ ഉടമസ്ഥതയിലുള്ള സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

വർഷങ്ങളായി പ്രൊഫസറുടെ ഈ സ്ഥലത്തായിരുന്നു പ്രതികൾ താമസിച്ചിരുന്നത്. എന്നാൽ ഇവിടെ നിന്ന് ഒഴിഞ്ഞ് തരണമെന്ന് ദെബോസ്മിത അടുത്തിടെ പ്രതികൾക്ക് അന്തിമ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യത്തെ തുടർന്ന് കുടുംബസമേതം ഡൽഹിയിലെത്തി പ്രൊഫസറെ വധിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തുകയായിരുന്നു. കഴിഞ്ഞ ജൂൺ 4-നാണ് കിഴക്കൻ ഡൽഹിയിലെ വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്ടുമെന്റിലെ ഫ്ലാറ്റിൽ ദെബോസ്മിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകം ആസൂത്രണം ചെയ്ത് ഡൽഹിയിലെത്തിയ പ്രതികൾ, തിരിച്ചറിയപ്പെടാതിരിക്കാൻ അപരിചിതരായ വ്യക്തികളുടെ ആധാർ രേഖകൾ ഉപയോഗിച്ചാണ് ദല്ലുപുരയിലെ ഗസ്റ്റ്ഹൗസിൽ മുറിയെടുത്തത്. എന്നാൽ, ഈ വ്യാജ തിരിച്ചറിയൽ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും അതുവഴി എടുത്ത മൊബൈൽ നമ്പറുകളുടെ നിരീക്ഷണവുമാണ് പൊലീസിനെ പ്രതികളിലേക്ക് നയിച്ചത്.

ഫ്ലാറ്റിലെത്തി പ്രൊഫസറെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ അപ്പാർട്ട്മെന്റ് പുറത്തുനിന്ന് പൂട്ടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടാക്സിയിലും ഓട്ടോറിക്ഷയിലുമായി ആനന്ദ് വിഹാറിലെത്തുകയും, അവിടെനിന്ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ വഴി പൂർവ്വ എക്സ്പ്രസിൽ കയറി പശ്ചിമ ബംഗാളിലേക്ക് കടക്കുകയുമായിരുന്നു. സംഭവസ്ഥലത്തെയും ബർധമാൻ റെയിൽവേ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങൾ അരിച്ചുപെറുക്കി പരിശോധിച്ച പൊലീസ് ഒടുവിൽ പ്രതികളെ വലയിലാക്കുകയായിരുന്നു. പ്രതികളിൽ നിന്ന് കൊല്ലപ്പെട്ട പ്രൊഫസറുടെ സാംസങ് മൊബൈൽ ഫോൺ, കൊലപാതകത്തിന് ഉപയോഗിച്ച റേസർ, വസ്ത്രങ്ങൾ, തൊപ്പി, ബാക്ക്പാക്ക്, ട്രെയിൻ ടിക്കറ്റുകൾ എന്നിവ പൊലീസ് കണ്ടെടുത്തു. സാങ്കേതിക നിരീക്ഷണ മികവിലൂടെ അതിവേഗമാണ് ഡൽഹി പൊലീസ് പ്രതികളെ ബംഗാളിലെത്തി പിടികൂടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow