കൗമാരക്കാരന്റെ ക്രൂരക്കൊലപാതകം; വെടിവച്ചാംകോവിലിൽ 4 പേർ പൊലീസ് വലയിൽ
തിരുവനന്തപുരം: വെടിവച്ചാംകോവിലില്‍ പതിനേഴുകാരനായ ശിവസൂര്യയെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒടുവില്‍ നാല് പ്രതികളും പൊലീസ് വലയിലായി. പള്ളിച്ചല്‍ സ്വദേശി അജിത് (21), പാരൂര്‍ക്കുഴി സ്വദേശി കാര്‍ത്തികേയന്‍ (21), മുടവൂര്‍പാറ സ്വദേശി പ്രിയദര്‍ശന്‍ (20), പള്ളിച്ചല്‍ സ്വദേശി ആരോമല്‍ (21) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇതില്‍ ഒന്നും രണ്ടും നാലും പ്രതികളായ അജിത്, കാര്‍ത്തികേയന്‍, ആരോമല്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്നാം പ്രതിയായ പ്രിയദര്‍ശനെ പൊലീസ് നിലവില്‍ രഹസ്യകേന്ദ്രത്തില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഒരു വര്‍ഷം മുമ്പ് ഫുട്‌ബോള്‍ ടര്‍ഫിലുണ്ടായ തര്‍ക്കവും അതിനെത്തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യവുമാണ് കൗമാരക്കാരന്റെ ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. അന്ന് കളിക്കളത്തിലുണ്ടായ പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ത്തിരുന്നെങ്കിലും പ്രതികള്‍ മനസ്സില്‍ കടുത്ത പക സൂക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം ശിവസൂര്യ എതിര്‍സംഘത്തിലെ ഒരാളെ തുറിച്ചുനോക്കിയതാണ് പ്രതികളെ പെട്ടെന്ന് പ്രകോപിപ്പിച്ചത്. ഇതേച്ചൊല്ലി വാക്കുതര്‍ക്കമുണ്ടാവുകയും പ്രതികള്‍ സംഘം ചേര്‍ന്ന് ശിവസൂര്യയെ ക്രൂരമായി അക്രമിക്കുകയുമായിരുന്നു.
നാട്ടുകാരെ ഞെട്ടിച്ച ഈ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നു. ക്രൂരമായ മര്‍ദനത്തിന് ഇരയായി ചോരയില്‍ കുളിച്ച ശിവസൂര്യയെ പ്രതികള്‍ തന്നെ ബൈക്കിലിരുത്തി കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ലഭ്യമായത്. വഴിമധ്യേ അബോധാവസ്ഥയിലായ യുവാവ് ബൈക്കില്‍ നിന്ന് താഴെ വീഴുന്നതും റോഡരികില്‍ കിടക്കുന്നതുമായ ദൃശ്യങ്ങള്‍ അതിക്രൂരമായിരുന്നു. ഗുരുതരാവസ്ഥയിലായ ശിവസൂര്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്.
What's Your Reaction?



