തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവുമില്ലന്ന് കേന്ദ്ര സർക്കാർ പ്രതിനിധി കരമന ജയൻ. ബി നിലവറ തുറക്കൽ ആചാരവിരുദ്ധമാണെന്നും പെട്ടെന്ന് തുറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നല നടന്ന ക്ഷേത്ര ഭരണസമിതി യോഗത്തിൽ ഉൾപ്പെടെ ഒരു ചർച്ചയും ഉണ്ടായില്ല. മാത്രമല്ല തന്ത്രിയുടെ സാന്നിധ്യത്തിൽ മാത്രമേ അത്തരം കാര്യങ്ങൾ ചർച്ച ചെയ്യൂ. ചില തത്പര കക്ഷികളാണ് അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. പുറത്ത് വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്നും കരമന ജയൻ പറഞ്ഞു. ദേവചൈതന്യമുള്ള നിലവറ പെട്ടെന്ന് തുറക്കാനാകില്ല.ഇക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന പ്രതിനിധികൾ പരസ്പപരം യുദ്ധം ചെയ്യില്ലെന്നും കരമന ജയൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതു സംബന്ധിച്ചു വീണ്ടും ചർച്ചകൾ ഉയർന്നത്. സംസ്ഥാന സർക്കാർ പ്രതിനിധിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. ബി നിലവറ തുറക്കുന്ന വിഷയത്തിൽ ഭരണസമിതിയോട് തീരുമാനം എടുക്കാനാണ് നേരത്തേ സുപ്രീം കോടതി നിർദേശിച്ചിരുന്നത്.