ഭിൽവാര: വായിൽ കല്ല് നിറച്ച് ചുണ്ടിൽ പശ തേച്ച് നവജാത ശിശുവിനെ കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കുഞ്ഞിന്റെ അമ്മയെയും മുത്തച്ഛനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹേതര ബന്ധത്തിൽ പിറന്ന കുട്ടിയായതിനാലാണ് ഉപേക്ഷിച്ചതെന്നാണ് പ്രതികളുടെ മൊഴി.
ചിറ്റോർഗഡ് ജില്ലയിലെ ഭൈൻസ്രോർഗഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് അവിവാഹിതയായ 22 കാരിയെയും അവരുടെ പിതാവിനെയും മണ്ഡൽഗഡ് പോലീസ് അറസ്റ്റ് ചെയ്തത്. 19 ദിവസം മാത്രം പ്രായമുള്ള കുട്ടിയെയാണ് രണ്ട് ദിവസം മുമ്പ് കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ആദ്യം കുട്ടിയെ മറ്റാർക്കെങ്കിലും വിൽക്കാനായിരുന്നു ശ്രമം. അതിനുള്ള സാധ്യതകൾ ഇല്ലെന്ന് വ്യക്തമായതോടെയാണ് കുഞ്ഞിനെ ഇരുവരും ചേർന്ന് കാട്ടിൽ ഉപേക്ഷിച്ചത്. കുട്ടി കരഞ്ഞ് മറ്റുള്ളവരെ അറിയിക്കാതിരിക്കാനായി പശ ഉപയോഗിച്ച് ചുണ്ടുകൾ ഒട്ടിക്കുകയും വായിൽ കല്ല് തിരുകുകയും ചെയ്തിരുന്നുവെന്ന് പോലീസ് അറിയിച്ചു.
പ്രതിയുടെ ഡിഎൻഎ പരിശോധന നടത്തുമെന്ന് ഭിൽവാര പോലീസ് സൂപ്രണ്ട് ധർമേന്ദ്ര സിങ് യാദവ് വ്യക്തമാക്കി. ഭിൽവാരയിലെ മഹാത്മാഗാന്ധി ആശുപത്രിയിലെ എൻഐസിയു വാർഡിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്.