എങ്ങോട്ടാ ഈ പോക്ക്? എക്കാലത്തെയും റെക്കോര്‍ഡ് സ്വര്‍ണവില മറികടക്കാന്‍ വര്‍ധിക്കേണ്ടത് 160 രൂപ
സ്വര്‍ണവില ഉയരുന്നത് നവരാത്രി പ്രമാണിച്ച് ആഭരണം വാങ്ങാൻ ആസൂത്രണം ചെയ്യുന്നവർക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്
സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. റെക്കോർഡ് വിലയിലേക്ക് അടുക്കുന്നു. ഇന്ന് ഗ്രാമിന് 55 രൂപ വർധിച്ച് 10,585 രൂപയിലെത്തി. ഒരു പവന്‍റെ വില 440 രൂപ ഉയർന്ന് 84,680 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. എക്കാലത്തേയും ഉയർന്ന റെക്കോർഡ് വിലയായ 84,840 രൂപ മറികടക്കാൻ ഇനി ഒരു പവന് 160 രൂപ കൂടി വർധിച്ചാൽ മതി. ഈ അടിസ്ഥാന വിലയ്ക്ക് പുറമേ, സ്വർണാഭരണം വാങ്ങുന്ന ഉപഭോക്താക്കൾ 3% ജിഎസ്ടിയും അതിന്റെ 18% ജിഎസ്ടി ചേരുന്ന ഹോൾമാർക്ക് ഫീസും 3% മുതൽ 35% വരെയാകാവുന്ന പണിക്കൂലിയും നൽകേണ്ടിവരും.
കഴിഞ്ഞ ദിവസങ്ങളിൽ വില താഴുന്ന പ്രവണതയായിരുന്നെങ്കിലും, ഇന്നലെയും ഇന്നുമായി തുടരുന്ന ഈ മുന്നേറ്റം നവരാത്രി പ്രമാണിച്ച് ആഭരണം വാങ്ങാൻ ആസൂത്രണം ചെയ്യുന്നവർക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്.
രാജ്യാന്തര തലത്തിൽ സ്വർണവില ഉയരുമ്പോൾ, രൂപയുടെ വിനിമയ നിരക്ക് താഴുന്നത് ഇന്ത്യയിൽ സ്വർണത്തിന്റെ മുന്നേറ്റം കൂടുതൽ ഊർജിതമാക്കുന്നുണ്ട്. രാജ്യാന്തര വിലവർധനവും രൂപയുടെ തകർച്ചയും സ്വർണവിലയെ വലിയ തോതിൽ സ്വാധീനിക്കുന്നു. ആഗോളതലത്തിൽ സ്വർണവില കൂടുതൽ കത്തിക്കയറുമെന്നുള്ള സൂചനകളാണ് നിലവിൽ വരുന്നത്.
മറ്റ് വിലകൾ (കേരളത്തിൽ)- 18 കാരറ്റ് സ്വർണം: ഗ്രാമിന് 45 രൂപ ഉയർന്ന് 8,700 രൂപ ആയി, 14 കാരറ്റ് സ്വർണം: ഗ്രാമിന് 6,765 രൂപ, 9 കാരറ്റ് സ്വർണം: ഗ്രാമിന് 4,365 രൂപ, വെള്ളിവില: ഗ്രാമിന് 144 രൂപയായി തുടരുകയാണ്.
What's Your Reaction?