പേട്ടയിലെ രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി കുറ്റക്കാരന്‍
ബ്രഹ്മോസിന്റെ സമീപത്തുള്ള ടെന്‍റിൽ അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെയാണ് പ്രതി രാത്രി തട്ടിയെടുത്തത്

തിരുവനന്തപുരം: തലസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പേട്ടയിലെ രണ്ടു വയസുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആറ്റിങ്ങൽ ഇടവ സ്വദേശിയായ ഹസ്സൻകുട്ടി (അബു– 45) ആണ് പ്രതി. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. കേസിൽ അഡീഷനൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി (പോക്സോ) ഒക്ടോബർ മൂന്നിന് വിധി പറയും. 2024 ഫെബ്രുവരി 19നാണ് നാടോടികളായ ഹൈദരാബാദ് സ്വദേശികളുടെ രണ്ടു വയലുള്ള പെൺകുട്ടിയെ കാണാതായത്.
ബ്രഹ്മോസിന്റെ സമീപത്തുള്ള ടെന്‍റിൽ അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെയാണ് പ്രതി രാത്രി തട്ടിയെടുത്തത്. ബ്രഹ്മോസ് കേന്ദ്രത്തിനു പിറകിലുള്ള ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചശേഷം പ്രതി കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ രാത്രി തന്നെ പേട്ട പോലീസിൽ പരാതി നൽകി. പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
പിറ്റേദിവസം വൈകുന്നേരമാണ് ബ്രഹ്മോസ് കേന്ദ്രത്തിന്റെ മതിലിനോട് ചേർന്ന കാടുപിടിച്ച സ്ഥലത്തുനിന്ന് അബോധാവസ്ഥയിലായിരുന്ന കുട്ടിയെ കണ്ടെത്തിയത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതും പിടികൂടിയതും. വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിച്ചു. പ്രതിയുടെ വസ്ത്രത്തിൽനിന്ന് കുട്ടിയുടെ തലമുടി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞത് കേസിൽ നിർണായക തെളിവായി.
What's Your Reaction?






