ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന ആദ്യ മലയാളി; ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഇന്ത്യൻ ഹോക്കിക്ക് അഭിമാന നിമിഷങ്ങൾ സമ്മാനിച്ച ഗോൾകീപ്പറായിരുന്നു അദ്ദേഹം

Oct 31, 2025 - 14:32
Oct 31, 2025 - 14:33
 0
ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന ആദ്യ മലയാളി; ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ബെംഗളൂരു: ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരമായ മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവിൽ വെച്ചായിരുന്നു അന്ത്യം. ഇന്ത്യൻ ഹോക്കിക്ക് അഭിമാന നിമിഷങ്ങൾ സമ്മാനിച്ച ഗോൾകീപ്പറായിരുന്നു അദ്ദേഹം.

1972ലെ മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ നിർണായക അംഗമായിരുന്നു മാനുവൽ ഫ്രെഡറിക്. ഈ മെഡൽ നേട്ടത്തിലൂടെയാണ് അദ്ദേഹം ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ മലയാളി താരമായി ചരിത്രത്തിൽ ഇടം നേടിയത്.

മ്യൂണിക്കിൽ ഇന്ത്യ മെഡൽ നേടിയതിൽ മാനുവലിന്റെ മികച്ച ഗോൾകീപ്പിങ് പ്രകടനം നിർണായക പങ്കുവഹിച്ചു. ഏഴ് വർഷത്തോളം ഇന്ത്യൻ ടീമിനായി കളിച്ച ഇദ്ദേഹം 1973-ലെ ഹോളണ്ട് ലോകകപ്പിലും 1978-ലെ അർജൻ്റീന ലോകകപ്പിലും രാജ്യത്തെ പ്രതിനിധീകരിച്ചു.

1947 ഒക്ടോബർ 20-ന് കണ്ണൂരിലെ ബര്‍ണശ്ശേരിയിൽ ജോസഫ് ബോവറിൻ്റെയും സാറയുടെയും മകനായാണ് മാനുവൽ ജനിച്ചത്. മാതാപിതാക്കൾ കോമൺവെൽത്ത് ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു. കണ്ണൂരിലെ ബി.എം.പി. യു.പി. സ്‌കൂളിനുവേണ്ടി ഫുട്‌ബോൾ കളിച്ചിരുന്ന മാനുവൽ, 12-ാം വയസിലാണ് ആദ്യമായി ഹോക്കി കളിച്ചു തുടങ്ങിയത്.

15-ാം വയസ്സിൽ ഇന്ത്യൻ ആർമിയിൽ ചേർന്ന മാനുവലിനെ മികച്ച ഹോക്കി താരമാക്കി മാറ്റിയത് സർവീസസ് ക്യാമ്പിൽ ലഭിച്ച പരിശീലനമാണ്. 1971-ൽ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പറായി അദ്ദേഹം അരങ്ങേറി. ഭാര്യ: പരേതയായ ശീതള. മക്കള്‍: ഫ്രെഷീന പ്രവീണ്‍ (ബെംഗളൂരു), ഫെനില (മുംബൈ). മരുമക്കള്‍: പ്രവീണ്‍ (ബെംഗളുരു), ടിനു തോമസ് (മുംബൈ)

What's Your Reaction?

like

dislike

love

funny

angry

sad

wow