തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്കെതിരേ മൊഴി നൽകി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്ന പത്മകുമാർ മൊഴി നൽകി. പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലെന്നും മൊഴിൽ പറയുന്നു.
സ്വർണപ്പാളി അറ്റകുറ്റ പണിക്ക് അനുമതി നൽകിയത് തന്ത്രിയെന്നും മൊഴി. പാളികള്‍ ചെന്നൈയിലേക്ക് കൊടുത്തുവിടാന്‍ തന്ത്രിമാര്‍ അനുമതി നല്‍കയെന്നും തന്ത്രികൊണ്ടുവന്നതിനാല്‍ പോറ്റിയെ വിശ്വസിച്ചതെന്നുമാണ് എ പത്മകുമാറിന്‍റെ മൊഴിയിൽ പറയുന്നത്.
ഗോൾഡ് പ്ലേറ്റിംഗ് വർക്കുകൾ സന്നിധാനത്ത് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയത്. ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും പത്മകുമാർ പറഞ്ഞു.
കട്ടിളപ്പാളികൾ കൊണ്ടുപോകുന്നതിനു മുൻപ് മുൻ ഭരണസമിതിയുടെ കാലത്തും ക്ലാഡിങ് വർക്കുകൾ പുറത്ത് കൊണ്ട് പോയി നടത്തിയിട്ടുണ്ടെന്നും പത്മകുമാർ വിശദീകരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ശബരിമലയില്‍ പലകാര്യങ്ങള്‍ക്കായി നിയോഗിക്കുകയും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തത് ഉദ്യോഗസ്ഥരാണെന്നും അന്വേഷണ സംഘത്തിനോട് പത്മകുമാര്‍ പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നില്ല. പോറ്റി തന്റെ ആറന്മുളയിലുള്ള വീട്ടില്‍ വരാറുണ്ടെന്നും പത്മകുമാര്‍ മൊഴി നല്‍കി.