അനയയുടെ മരണം ചികിത്സാ പിഴവ് മൂലം തന്നെയെന്ന് അമ്മ; പോലീസില്‍ പരാതി നല്‍കി
മരണത്തിൽ ആരോഗ്യ വകുപ്പിനും പരാതി നൽകുമെന്നും അന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടർമാർക്കെതിരെ കർശന നടപടി വേണമെന്നും കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു

കോഴിക്കോട്: താമരശ്ശേരിയിൽ ഒൻപത് വയസുകാരി അനയയുടെ മരണം ചികിത്സാ പിഴവുമൂലം തന്നെയാണെന്ന് കുട്ടിയുടെ അമ്മ രംബീസ ആരോപിച്ചു. താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ വേണ്ടരീതിയിൽ ശ്രദ്ധിച്ചില്ലെന്ന് രംബീസ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ തങ്ങൾ ഉന്നയിച്ച കാര്യങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ തെളിഞ്ഞതായി രംബീസ പറഞ്ഞു. ചികിത്സാ പിഴവ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് താമരശ്ശേരി ഡി.വൈ.എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.
മരണത്തിൽ ആരോഗ്യ വകുപ്പിനും പരാതി നൽകുമെന്നും അന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടർമാർക്കെതിരെ കർശന നടപടി വേണമെന്നും കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. കുട്ടിയുടെ മരണം ഇൻഫ്ളുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയുടെ സങ്കീർണതകൾ കാരണമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
കുട്ടിയുടെ പിതാവ് ആശുപത്രിയിലെ ഡോക്ടറെ ആക്രമിക്കുന്നതിലേക്ക് നയിച്ചതും ഈ മരണമായിരുന്നു.
കുട്ടി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം മൂലമാണെന്നായിരുന്നു ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്.
പ്രാഥമിക സ്രവ പരിശോധനയിൽ തലച്ചോറിൽ അമീബയുടെ (ട്രോഫോസോയിറ്റ്) സാന്നിധ്യം കണ്ടെത്തിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ നടന്ന പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.
What's Your Reaction?






