ഹിജാബ് വിവാദം: പള്ളുരുത്തി സെന്‍റ് റീത്താസ് സ്‌കൂളിന് തിരിച്ചടി

ശിരോവസ്ത്രം ധരിച്ച വിദ്യാർഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡി.ഡി.ഇയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

Oct 17, 2025 - 17:37
Oct 17, 2025 - 17:37
 0
ഹിജാബ് വിവാദം: പള്ളുരുത്തി സെന്‍റ് റീത്താസ് സ്‌കൂളിന് തിരിച്ചടി

കൊച്ചി: എറണാകുളം പള്ളുരുത്തി സെന്‍റ്. റീത്താസ് ഹൈസ്കൂളിലെ ഹിജാബ് വിവാദത്തിൽ സ്കൂൾ മാനേജ്‌മെന്റിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ശിരോവസ്ത്രം ധരിച്ച വിദ്യാർഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡി.ഡി.ഇയുടെ (DDE) ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.

സെന്‍റ്. റീത്താസ് സ്കൂൾ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.
വിവാദം തുടരുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി വിദ്യാർഥിനിയുടെ പിതാവും അഭിഭാഷകനും രംഗത്തെത്തി.

വിദ്യാർഥിനിയെ ടി.സി. (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്) വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കുമെന്ന് പിതാവ് അറിയിച്ചു. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്കൂൾ അധികൃതർ മതേതര വസ്ത്രങ്ങളാണ് അനുവദനീയമെന്ന് പറയുന്നത് ചൂണ്ടിക്കാട്ടി, "എന്റെ മകൾ ധരിച്ച ഷോൾ മതേതരമല്ലേ?" എന്നും പിതാവ് ചോദിച്ചു. കുട്ടിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുട്ടിയുടെ പിതാവിൻ്റെ അഭിഭാഷകൻ വ്യക്തമാക്കി.

നേരത്തെ, സ്കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിക്കും വിദ്യാഭ്യാസ മന്ത്രിക്കും സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന ആൽബി നന്ദി അറിയിച്ചിരുന്നു. "സ്‌കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിക്ക് നന്ദിയുണ്ട്. സ്‌കൂളിലെ നിയമങ്ങൾ അനുസരിക്കാൻ തയ്യാറാണെങ്കിൽ വിദ്യാർഥിനിക്ക് പഠനം തുടരാം. കുട്ടികൾക്ക് വേണ്ടതെല്ലാം സ്കൂൾ നൽകുന്നുണ്ട്. കുട്ടി സ്കൂളിൽ നിന്ന് ടി.സി. വാങ്ങാൻ തീരുമാനിച്ച കാര്യം അറിയില്ല. കോടതിയെയും സർക്കാരിനെയും ബഹുമാനിക്കുന്നു. കോടതിയുടെ മുന്നിലുള്ള വിഷയങ്ങളിൽ നിയമം അതിൻ്റെ വഴിക്ക് പോകട്ടെ," സിസ്റ്റർ ഹെലീന ആൽബി മാധ്യമങ്ങളോട് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow