എത്യോപ്യയില്‍ അഗ്നിപർവത സ്ഫോടനം, കണ്ണൂർ-അബുദാബി വിമാനം വഴിതിരിച്ചുവിട്ടു
യാത്രക്കാർക്ക് കണ്ണൂരിലേക്ക് തിരിച്ചുപോകാനുള്ള വിമാനം സജ്ജമാക്കിക്കൊടുത്തുവെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു
അഹമ്മദാബാദ്: ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ അതിശക്തമായ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന്, കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. 6E 1433 എയർബസ് വിമാനം സുരക്ഷിതമായി അഹമ്മദാബാദിൽ ലാൻഡ് ചെയ്തു. യാത്രക്കാർക്ക് കണ്ണൂരിലേക്ക് തിരിച്ചുപോകാനുള്ള വിമാനം സജ്ജമാക്കിക്കൊടുത്തുവെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.
എത്യോപ്യയിലെ ഹയ്‌ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചത് ഞായറാഴ്ചയാണ്. ഏകദേശം പതിനായിരം വർഷത്തിനിടെ ആദ്യമായാണ് ഈ അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത്. ഇതിൽ നിന്നുയർന്ന ചാരപ്പടലങ്ങൾ ഉത്തരേന്ത്യയിലേക്ക് നീങ്ങുമെന്ന് പ്രവചിക്കപ്പെട്ടതോടെയാണ് ഈ മേഖലയിലൂടെയുള്ള വ്യോമഗതാഗതത്തിന് തടസ്സം നേരിട്ടത്.
തിങ്കളാഴ്ച വൈകിട്ട് മുതൽ ഡൽഹിക്കും ജയ്പുരിനും മീതേയുള്ള വ്യോമഗതാഗതത്തെ അഗ്നിപർവത സ്ഫോടനം എങ്ങനെ ബാധിക്കുമെന്ന് നിരീക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയുടെ വ്യോമയാന മേഖലയും വിമാനക്കമ്പനികളും. ചില വിമാനങ്ങൾ ഇതിനകം തന്നെ മറ്റ് റൂട്ടുകളെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്.
എത്യോപ്യയിലെ എർട എയ്‌ൽ മേഖലയിലാണ് ഹയ്‌ലി ഗുബ്ബി അഗ്നിപർവതം സ്ഥിതിചെയ്യുന്നത്. ഞായറാഴ്ച രാവിലെ മുതൽ ചാരവും സൾഫർ ഡയോക്‌സൈഡും അടങ്ങിയ കൂറ്റൻ പുകപടലങ്ങളാണ് ഇവിടെനിന്നുയരുന്നത്.
പത്ത് മുതൽ 15 കിലോമീറ്റർ വരെ ഉയരത്തിലെത്തുന്ന ഈ പുകപ്പടലങ്ങൾ ചെങ്കടലിന് കുറുകേ കിഴക്കോട്ടാണ് നീങ്ങുന്നത്. ഒമാൻ, യെമൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രദേശങ്ങളെ ഈ ചാരമേഘങ്ങൾ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ട്.
What's Your Reaction?

