റണ്‍വേ തെറ്റിച്ച് ലാൻഡ് ചെയ്ത് അഫ്ഗാന്‍ വിമാനം, ഡല്‍ഹിയില്‍ ഒഴിവായത് വന്‍ ദുരന്തം
അരിയാന അഫ്ഗാൻ വിമാനം എഫ്.ജി 311 ആണ് തെറ്റായി റൺവേയിൽ ലാൻഡ് ചെയ്തത്
ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഫ്ഗാനിസ്താൻ അരിയാന എയർലൈൻസ് വിമാനം റൺവേ തെറ്റിച്ച് ലാൻഡ് ചെയ്ത സംഭവത്തിൽ വൻ അപകടം ഒഴിവായി. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കാബൂളിൽ നിന്ന് വന്ന വിമാനം, സാധാരണയായി വിമാനങ്ങൾ പറന്നുയരാൻ ഉപയോഗിക്കുന്ന റൺവേയിലാണ് (ടേക്ക് ഓഫ് റൺവേ) അബദ്ധത്തിൽ ഇറക്കിയത്. ആ സമയം ആ റൺവേയിൽ മറ്റ് വിമാനങ്ങൾ ടേക്ക് ഓഫിനായി ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവാക്കാനായി.
അരിയാന അഫ്ഗാൻ വിമാനം എഫ്.ജി 311 ആണ് തെറ്റായി റൺവേയിൽ ലാൻഡ് ചെയ്തത്. വിമാനത്തിന് ലാൻഡിംഗിന് അനുമതി നൽകിയിരുന്നത് ഇടതുവശത്തെ റൺവേ 29 (29L)ൽ ആയിരുന്നു. എന്നാൽ, പൈലറ്റ് വിമാനം ഇറക്കിയത് വലതുവശത്തെ റൺവേ 29 (29R)ൽ ആയിരുന്നു.
ഡൽഹി വിമാനത്താവളത്തിൽ, സാധാരണയായി റൺവേ 29R ടേക്ക് ഓഫിനായും റൺവേ 29L ലാൻഡിംഗിനായും ആണ് ഉപയോഗിക്കുന്നത്. ഈ ഗുരുതര വീഴ്ചയിൽ വ്യോമയാന അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് അഫ്ഗാനിസ്താനിലെ ബന്ധപ്പെട്ട അധികൃതർക്ക് കത്തെഴുതുമെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
What's Your Reaction?

