കിഴക്കന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈനികസന്നാഹം
ആറ് വ്യോമത്താവളങ്ങള്‍ തയ്യാറാകുന്നു

ന്യൂഡല്‍ഹി: കിഴക്കന്‍ അതിര്‍ത്തിയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന ആറ് എയർബേസുകൾ അതിവേഗം പണിതീര്‍ത്തു കൊണ്ടിരിക്കുന്നതായി റിപ്പോർട്ട്. ഹിമാലയൻ അതിർത്തി മേഖലയിലുടനീളം ചൈനയ്ക്ക് യുദ്ധതന്ത്രപരമായി മേൽക്കൈ ലഭിക്കുന്ന അളവിലുള്ള സന്നാഹങ്ങളാണ് ഒരുക്കപ്പെടുന്നതെന്ന് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
അതിർത്തിയിൽ ചൈന പണിതുകൊണ്ടിരിക്കുന്ന അഞ്ച് എയർബേസുകളുടെ സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ 2022ലെയും 25ലെയും സാറ്റലൈറ്റ് ചിത്രങ്ങളുടെ താരതമ്യവുമുണ്ട്. പുതിയ എപ്രൺ സ്പേസ് (വിമാനങ്ങൾ പാർക്ക് ചെയ്യാനും റീഫ്യൂവൽ ചെയ്യാനുമെല്ലാമുള്ള ഇടം), എൻജിൻ ടെസ്റ്റ് പാഡുകൾ, കെട്ടിടങ്ങൾ തുടങ്ങിയവ പണിതീർത്തു വരുന്നതായി ഈ ചിത്രങ്ങളുടെ പരിശോധനയിൽ വ്യക്തമാകുന്നു. ചൈനീസ് വ്യോമായുധങ്ങളിൽ പ്രധാനമായ ഡ്രോണുകളെയും പരിശോധനയിൽ കാണാൻ കഴിഞ്ഞതായും റിപ്പോർട്ടിലുണ്ട്.
യാർകാന്റ്, യൂടിയാൻ, തിംഗ്രി, ല്യൂൻസ്, ബുറാങ് എന്നീ മേഖലകളിലാണ് പുതിയ വ്യോമത്താവളങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത്. മറ്റൊരു എയർബേസിനെക്കുറിച്ചുള്ള സൂചനകളും റിപ്പോർട്ടിലുണ്ട്. സമീപകാലത്തായി ചൈന ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന മേഖലകളിലെല്ലാം സൈനികസന്നാഹം വർധിപ്പിക്കുന്നത് ആശങ്കാജനകമാണ്. ദീർഘകാല പദ്ധതികളാണ് ചൈനയ്ക്കുള്ളതെന്ന് വിലയിരുത്തപ്പെടുന്നു.
2020 ജൂൺ 15ന് നടന്ന ഗൽവാൻ താഴ്‌വരയിലെ സംഘർഷത്തിനു ശേഷം അതിർത്തിയിലെ സൈനിക സന്നാഹം ചൈന വൻതോതിൽ കൂട്ടിയിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ അനുനയ ചർച്ചകൾ പലത് നടന്നെങ്കിലും മേഖലയിലെ സങ്കീർണമായ സാഹചര്യത്തിൽ അയവ് വന്നിട്ടില്ല. ധോക്‌ലാമിന് അടുത്തായി ഒരു ഭൂഗർഭ കേന്ദ്രം ഉൾപ്പെടെ വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ ചൈന നടത്തിയതായി 2022 ല്‍ പെന്റഗൺ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. എല്‍എസിയുടെ എല്ലാ മേഖലകളിലും പുതിയ റോഡുകൾ നിര്‍മ്മിച്ചു.
ഭൂട്ടാനുമായുള്ള തർക്കമേഖലകളിൽ ഗ്രാമങ്ങൾ സ്ഥാപിച്ചു. പാൻഗോങ് തടാകത്തിൽ പുതിയൊരു പാലം പണിതു. സെന്റർ സെക്ടറിനടുത്ത് ഒരു വിവിധോദ്ദേശ്യ എയർപോർട്ട് പണിതു. ഇവ കൂടാതെ നിരവധി ഹെലിപ്പാഡുകളും എൽഎസിയുടെ സമീപപ്രദേശങ്ങളിലായി പണിതീർത്തതായി പെന്റഗൺ റിപ്പോർട്ടിലുണ്ടായിരുന്നു.
2023ലും എൽഎസിക്ക് സമീപമായി പുതിയ എയർഫീൽഡുകളും, ഹെലിപ്പാഡുകളും റെയിൽവേ സൗകര്യങ്ങളും മിസൈൽ ബേസുകളും പാലങ്ങളുമെല്ലാം ചൈന പണിതതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സിക്കിമിലെ ഇന്ത്യന്‍ അതിർത്തിക്കടുത്ത് ഏതാണ്ട് 150 കിലോമീറ്റർ മാറി തിബറ്റിലെ ഷിഗാറ്റ്സിയിലെ എയർബേസിൽ ആറ് ജെ-20 സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങളുടെ സാന്നിധ്യവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
What's Your Reaction?






