ഉദ്യോഗാർഥികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; 'കണക്ട് ടു വർക്ക്' പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
അർഹരായ ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം ലഭിക്കും
തിരുവനന്തപുരം: പഠനം പൂർത്തിയാക്കി തൊഴിലിനായി തയ്യാറെടുക്കുന്ന യുവതീ യുവാക്കൾക്ക് സാമ്പത്തിക പിന്തുണ നൽകുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ 'കണക്ട് ടു വർക്ക്' മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഉദ്യോഗാർഥികൾ അനുഭവിക്കുന്ന സാമ്പത്തികവും മാനസികവുമായ സമ്മർദ്ദം കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.
അർഹരായ ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം ലഭിക്കും. പ്ലസ് ടു മുതൽ ബിരുദം വരെയുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
30,000-ൽ അധികം അപേക്ഷകൾ ഇതിനോടകം ലഭിച്ചുകഴിഞ്ഞു. കൂടുതൽ അപേക്ഷകർ എത്തിയാലും സർക്കാർ ധനസഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ ചുവടുവെപ്പിൽ ഈ പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസം ഉണ്ടായിട്ടും വിവിധ കാരണങ്ങളാൽ വീട്ടിലിരിക്കേണ്ടി വരുന്നവർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ആവശ്യമായ പരിശീലനം നൽകി തൊഴിൽ വിപണിയിൽ എത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ കാലയളവിൽ 26,000 കോടി രൂപയുടെ നിക്ഷേപം സ്വീകരിക്കാനും മൂന്ന് ലക്ഷത്തിലധികം പുതിയ സംരംഭങ്ങൾ തുടങ്ങാനും സാധിച്ചു. യുവാക്കളെ കേവലം തൊഴിൽ അന്വേഷകർ എന്ന നിലയിൽ നിന്ന് തൊഴിൽ ദാതാക്കളായും സംരംഭകരായും മാറ്റാനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
What's Your Reaction?