കൊച്ചി മെട്രോ സർവീസ് സാധാരണ നിലയിലായി; ഒന്നര മണിക്കൂർ നീണ്ട തടസ്സം ബ്രേക്ക് തകരാർ മൂലം
തകരാറിലായ ട്രെയിൻ പതുക്കെ എംജി റോഡ് സ്റ്റേഷനിലെത്തിച്ച് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി
കൊച്ചി: സാങ്കേതിക തകരാറിനെത്തുടർന്ന് ഭാഗികമായി തടസ്സപ്പെട്ട കൊച്ചി മെട്രോ സർവീസ് പുനഃസ്ഥാപിച്ചു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ എംജി റോഡ് മെട്രോ സ്റ്റേഷന് സമീപം ട്രെയിൻ കുടുങ്ങിയതോടെയാണ് ഗതാഗതം തടസ്സപ്പെട്ടത്.
തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ബ്രേക്ക് തകരാറിലായതിനെത്തുടർന്ന് എംജി റോഡ് സ്റ്റേഷന് തൊട്ടുമുമ്പ് വഴിയിൽ നിന്നത്. തിരക്കുള്ള സമയമായതിനാൽ ഓഫീസുകളിലേക്കും വിദ്യാലയങ്ങളിലേക്കും പോകാനിറങ്ങിയ നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ വഴിയിൽ കുടുങ്ങിയത്.
തകരാറിലായ ട്രെയിൻ പതുക്കെ എംജി റോഡ് സ്റ്റേഷനിലെത്തിച്ച് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് മറ്റൊരു ട്രെയിനിന്റെ സഹായത്തോടെ കെട്ടിവലിച്ച് മുട്ടം യാർഡിലേക്ക് മാറ്റി. സർവീസുകൾ ഇപ്പോൾ സാധാരണ നിലയിൽ തുടരുന്നുണ്ടെന്ന് മെട്രോ അധികൃതർ അറിയിച്ചു. തടസ്സം നേരിട്ട ഒന്നര മണിക്കൂർ സമയം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ കെഎംആർഎൽ (KMRL) ഖേദം പ്രകടിപ്പിച്ചു.
What's Your Reaction?