പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയിലിലിൽ കഴിയുന്ന സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യവ്യവസ്ഥയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദ്വാരപാലക കേസിലാണ് കൊല്ലം വിജിലൻസ് കോടതി പോറ്റിയ്ക്ക് ജാമ്യം നൽകികൊണ്ട് ഉത്തരവ് ഇറക്കിയത്.
കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും കേരളം വിട്ടു പോകരുതെന്നും ജാമ്യവ്യവസ്ഥയിൽ പറയുന്നു. സാക്ഷികളെ സ്വാധീനിക്കരുത്. തെളിവ് നശിപ്പിക്കരുതെന്നും പാസ്പോർട്ട് ഹാജരാക്കണമെന്നുമാണ് ജാമ്യവ്യവസ്ഥ.
അറസ്റ്റിലായി 90 ദിവസം പിന്നിട്ടും SIT കുറ്റപത്രം സമർപ്പിക്കാതെ വന്നതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചത്. അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം. കൂടാതെ എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണം. അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ചെയ്യരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
ദ്വാരപാലക ശിൽപ കേസിലാണ് പോറ്റിക്ക് ഇന്നലെ കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ചെങ്കിലും കട്ടിളപ്പാളി കേസിൽ പോറ്റി റിമാൻഡിൽ തുടരും.