കർക്കിടക വാവുബലി: ഹരിതച്ചട്ടം കർശനമാക്കും

കുപ്പിവെളളം വില്പനയ്ക്കും ഡിസ്‌പോസിബിള്‍ വസ്തുക്കളുടെ ഉപയോഗത്തിനും നിയന്ത്രണം

Jul 21, 2025 - 16:24
Jul 21, 2025 - 16:25
 0
കർക്കിടക വാവുബലി: ഹരിതച്ചട്ടം കർശനമാക്കും
തിരുവനന്തപുരം: ജൂലൈ 24ന് നടക്കുന്ന കര്‍ക്കിടക വാവുബലി പൂര്‍ണ്ണമായും ഹരിതച്ചട്ടം പാലിച്ച് നടത്തും. ഹരിതച്ചട്ടം പാലിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും ജില്ലാ ശുചിത്വമിഷന്‍ പുറത്തിറക്കി.
 
പ്ലാസ്റ്റിക്, ഫ്‌ളക്‌സ് ബാനറുകള്‍ക്കു പകരം തുണിയിലോ, പേപ്പറിലോ, വാഴയിലയിലോ, ഓലയിലോ പ്രകൃതിയ്ക്ക് ഇണങ്ങുന്ന രീതിയിലുളള ബാനറുകള്‍ ഉപയോഗിക്കുക. പ്ലാസ്റ്റിക് ബിന്നുകള്‍ക്ക് പകരം മുള, ഈറ, ചൂരല്‍, ഓല എന്നിവയില്‍ തീര്‍ത്ത ബിന്നുകള്‍ സ്ഥാപിക്കുക.
ലഘുഭക്ഷണമായി അരിയില്‍ വേവിച്ചെടുക്കുന്ന അട, കൊഴുക്കട്ട തുടങ്ങിയ വിഭവങ്ങള്‍ ഇലകളില്‍ വിളമ്പുക. കൃത്രിമ ശീതളപാനീയങ്ങള്‍ക്ക് പകരം കരിക്കിന്‍ വെളളം, നാരങ്ങവെളളം, നീര തുടങ്ങിയവ കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങളില്‍ വിളമ്പുക. പ്ലാസ്റ്റിക് സ്ട്രോ ഒഴിവാക്കുക.
 
കുപ്പിവെളളം വില്പന പൂര്‍ണ്ണമായും ഒഴിവാക്കുക. കുടിവെളള കിയോസ്‌ക്കുകള്‍ പരമാവധി സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തുക. ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍/ പേപ്പര്‍ കപ്പ് ഒഴിവാക്കി സ്റ്റീല്‍ ഗ്ലാസ്സ് കിയോസ്‌ക്കുകളില്‍ വയ്ക്കുക. ആഹാരം വിളമ്പി നല്‍കുന്നതിന് പകരം ബുഫേ കൗണ്ടറുകള്‍ വഴി സ്റ്റീല്‍/സെറാമിക് പാത്രങ്ങളില്‍ ആഹാരം നല്‍കുക.
 
ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കുക. ജൈവ മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കുന്നതിനുളള സൗകര്യങ്ങള്‍ ഒരുക്കുക. അജൈവ മാലിന്യങ്ങള്‍ വൃത്തിയാക്കി ഉണക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ, പാഴ് വസ്തു വ്യാപാരികള്‍ക്കോ കൈമാറുക.  
പ്ലാസ്റ്റിക് പൂക്കള്‍, കൊടിതോരണങ്ങള്‍ എന്നിവയ്ക്ക് പകരം പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുക. ഡിസ്‌പോസിബിള്‍ വസ്തുക്കളുടെ ഉപയോഗം കര്‍ശനമായി നിരോധിക്കുക. നോട്ടീസുകളിലും അനൗണ്‍സ്‌മെന്റുകള്‍ നടത്തുമ്പോഴും പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ജനങ്ങളെ അറിയിക്കുക എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ.
 

What's Your Reaction?

like

dislike

love

funny

angry

sad

wow