ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫ വടകരയിൽ നിന്ന് പിടിയിൽ; വീഡിയോ എഡിറ്റ് ചെയ്തതെന്ന് പോലീസ് കണ്ടെത്തൽ
ദൃശ്യങ്ങളുടെ പൂർണ്ണരൂപം വീണ്ടെടുക്കാൻ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്
കോഴിക്കോട്: സ്വകാര്യ ബസിൽ വെച്ച് തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് വീഡിയോ പ്രചരിപ്പിക്കുകയും യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണമാവുകയും ചെയ്ത കേസിൽ ഷിംജിത മുസ്തഫ പിടിയിലായി. കോഴിക്കോട് മെഡിക്കൽ കോളജ് പോലീസാണ് വടകരയിലെ ബന്ധുവീട്ടിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. ഷിംജിത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ എഡിറ്റ് ചെയ്ത് നീളം കുറച്ചതാണെന്ന് പോലീസ് കണ്ടെത്തി. ദൃശ്യങ്ങളുടെ പൂർണ്ണരൂപം വീണ്ടെടുക്കാൻ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.
ദീപക്കിന്റെ മരണത്തിന് പിന്നാലെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കാണ് കേസെടുത്തിരിക്കുന്നത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വഴി സർവീസ് നടത്തുന്ന 'അൽ അമീൻ' എന്ന സ്വകാര്യ ബസിലായിരുന്നു സംഭവം. ഈ ബസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ബസിലെ തിരക്കിനിടയിൽ നടന്ന കാര്യങ്ങളാണ് ദൃശ്യങ്ങളിലുള്ളത്.
കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ദീപക് അപമര്യാദയായി പെരുമാറിയെന്ന ഷിംജിതയുടെ ആരോപണം വലിയ രീതിയിൽ വൈറലായിരുന്നു. ഇതിൽ മനംനൊന്ത് ജനുവരി 18-നാണ് ദീപക് ജീവനൊടുക്കിയത്. സംഭവത്തിന് പിന്നാലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പോലീസ് ഷിംജിതയ്ക്കായി തെരച്ചിൽ നടത്തിവരികയായിരുന്നു.
What's Your Reaction?

