ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ; വിവാദ പ്രസ്താവന പിൻവലിച്ചു

കാസർകോട്ടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാൽ വർഗീയ ധ്രുവീകരണം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാം എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ

Jan 21, 2026 - 13:59
Jan 21, 2026 - 14:00
 0
ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ; വിവാദ പ്രസ്താവന പിൻവലിച്ചു

തിരുവനന്തപുരം: കാസർകോട്, മലപ്പുറം ജില്ലകളിലെ തെരഞ്ഞെടുപ്പ് വിജയങ്ങളെ വർഗീയ ധ്രുവീകരണവുമായി ബന്ധപ്പെടുത്തി താൻ നടത്തിയ വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചു. തന്റെ പ്രസ്താവന പിൻവലിക്കുന്നതായും അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. സി.പി.എം നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ഈ പിൻമാറ്റം.

കാസർകോട്ടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാൽ വർഗീയ ധ്രുവീകരണം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാം എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. ഇത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ മന്ത്രിയുടെ വാക്കുകൾ ദോഷം ചെയ്യുമെന്ന് സി.പി.എമ്മിനുള്ളിൽ തന്നെ വലിയ വികാരമുയർന്നു. പ്രസ്താവനയെ തള്ളുകയോ അല്ലെങ്കിൽ മന്ത്രിയെക്കൊണ്ട് തിരുത്തിക്കുകയോ വേണമെന്ന നിലപാടിലായിരുന്നു മുതിർന്ന നേതാക്കൾ.

വൈകിട്ട് ചെങ്ങന്നൂരിൽ വാർത്താ സമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും, ചോദ്യങ്ങളിലൂടെ വിവാദം കൂടുതൽ വഷളാകേണ്ടെന്ന് കരുതി പാർട്ടി ഇടപെട്ട് അത് റദ്ദാക്കി. തുടർന്നാണ് ഖേദപ്രകടനം നടത്തിക്കൊണ്ടുള്ള പ്രസ്താവന പുറത്തിറക്കിയത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് മന്ത്രിയുടെ ഈ പുതിയ പ്രസ്താവനയും തിരുത്തലും ഉണ്ടായിരിക്കുന്നത്.

സജി ചെറിയാന്റെ പ്രസ്താവന:

കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയിൽ നടത്തുന്ന പ്രചാരണം വളരെയധികം വേദനിപ്പിക്കുന്നു. എന്റെ ജീവിതത്തിൽ ഇന്നുവരെ സ്വീകരിച്ചതും പുലർത്തിയതുമായ മതനിരപേക്ഷമായ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ. മതചിന്തകൾക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്നേഹിക്കുകയും അവർക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന എന്റെ പൊതുജീവിതത്തെ വർഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ല.

രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ആക്രമണം നടത്തുമ്പോൾ അതിനെതിരെ നിരന്തരം ശക്തമായി പ്രതികരിക്കുന്ന സിപിഎം പ്രവർത്തകൻ എന്ന നിലയിൽ കഴിഞ്ഞ 42 വർഷത്തെ എന്റെ പൊതുജീവിതം വർഗീയതയോടു സമരസപ്പെട്ടല്ല പോയത്. ഇതിന്റെയെല്ലാം ഫലമായി ഒരുപാട് തിക്താനുഭവങ്ങൾ നേരിട്ടയാളുകൂടിയാണ് ഞാൻ. അത് എന്റെ നാട്ടിലെ ജനങ്ങൾക്കും എന്നെ അറിയുന്നവർക്കും അറിയാവുന്ന കാര്യമാണ്.

എന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം എന്റെ സഹോദരങ്ങൾക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി മനസ്സിലാക്കുന്നു. ഞാൻ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും എന്നെ തെറ്റിദ്ധരിച്ചു എന്നതും വേദനിപ്പിക്കുന്നു. ഞാൻ പറഞ്ഞതിൽ തെറ്റിദ്ധരിച്ച് എന്റെ ഉദ്ദേശശുദ്ധിയെ മനസ്സിലാക്കാതെ ആർക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഞാൻ നടത്തിയ പ്രസ്താവന പിൻവലിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow