പാലക്കാട്: വടകര എംപി ഷാഫി പറമ്പിലിന് അറസ്റ്റ് വാറന്റ്. പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷാഫിയെ അറസ്‌റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടത്.
2022 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു 2022 ജൂണ്‍ 24 ന് പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചത്. നാൽപ്പതോളം വരുന്ന യൂത്ത് കോൺഗ്ര സ് പ്രവർത്തകർ ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപമാണ് ദേശീയപാത ഉപരോധിച്ചത്.
ഷാഫി പറമ്പിൽ കേസിൽ ഒന്നാം പ്രതിയും നിലവിൽ ഇടതുപക്ഷത്തേക്ക് ചേക്കേറിയ പി. സരിൻ ഒമ്പതാം പ്രതിയുമായിരുന്നു. നേരത്തെ കോടതിയില്‍ ഹാജരായ പി സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു. ഷാഫി ഹാജരാകാൻ തയാറാകാതെ ആയതോടെ ആണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസ് 24 ന് വീണ്ടും പരിഗണിക്കും.