മലപ്പുറം: ഒതായി മനാഫ് വധക്കേസില്‍ ഒന്നാം പ്രതി മാലങ്ങാടന്‍ ഷഫീഖിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. മനാഫ് വധക്കേസിൽ മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരൻ ആണെന്ന് ഇന്നലെയാണ് കോടതി വിധിച്ചത്.
മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ സഹോദരിയുടെ മകനാണ് പ്രതി മാലങ്ങാടന്‍ ഷഫീഖ്. പിഴ തുകയായ ഒരു ലക്ഷം രൂപ അടച്ചില്ലങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. പിഴത്തുക രണ്ടാം സാക്ഷി ഫാത്തിമക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട മനാഫിൻ്റെ സഹോദരിയാണ് ഫാത്തിമ.
വിധിയില്‍ പൂര്‍ണ തൃപ്തരാണെന്ന് മനാഫിന്റെ ബന്ധുക്കള്‍ പറഞ്ഞു. കേസിൽ ഒന്നാം പ്രതിയായ മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മറ്റു മൂന്നു പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു. മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ്, 17-ാം പ്രതി നിലമ്പൂര്‍ സ്വദേശി മുനീബ്, 19-ാം പ്രതി എളമരം സ്വദേശി കബീര്‍ എന്ന ജാബിര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
1995 ഏപ്രില്‍ 13 നാണ് കൊലപാതകം നടന്നത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ ഒതായി അങ്ങാടിയില്‍ വച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 30 വർഷത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് വിധി വന്നത്.