ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിൽ നടന്ന കൂടിക്കാഴ്ച അവസാനിച്ചു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ കർണാടക കോൺഗ്രസിൽ സമവായമെന്നാണ് പുറത്തുവരുന്ന വിവരം.
ഇരുവർക്കുമിടയിൽ തർക്കങ്ങൾ ഇല്ലെന്നും ഒരുമിച്ചു പ്രവർത്തിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സിദ്ധരാമയ്യയും ശിവകുമാറും പ്രതികരിച്ചു. കഴിഞ്ഞ ഒരു മാസമായി ചില ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നതായും എന്നാൽ ഇപ്പോൾ അതെല്ലാം പരിഹരിക്കപ്പെട്ടതായും ഡി.കെ. ശിവകുമാർ പറഞ്ഞു.
പാർട്ടിയാണ് വലുതെന്നും ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നും ഇരുനേതാക്കളും പ്രതികരിച്ചു. 'ഐക്യം തുടരും. ഞങ്ങൾ ഒരുമിച്ച് ഐക്യത്തോടെ മുന്നോട്ട് പോകും. ഞങ്ങൾക്കിടയിൽ എന്തെങ്കിലും തരത്തിലുള്ള ഭിന്നതയില്ല എന്നായിരുന്നു' കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളുടെയും പ്രതികരണം. കോർപറേഷൻ, പഞ്ചായത്ത് തെരഞ്ഞെടുപ്പ്, 2028ലെ നിയസഭാ തെരഞ്ഞെടുപ്പ് എന്നിവയാണ് തങ്ങൾ ലക്ഷ‍്യമിടുന്നതെന്നും ശിവകുമാർ പറഞ്ഞു.
ഒരുമാസത്തോളം നീണ്ടുനിന്ന ചർച്ചകളിൽ സമവായം കാണാത്തതോടെയായിരുന്നു ഹൈക്കമാൻഡ് ഇരുവരും നേരിട്ട് ചർച്ച നടത്താൻ നിർദേശം നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ആണ് ഡി കെ ശിവകുമാർ സിദ്ധരാമയ്യയുടെ വസതിയിലേക്ക് പ്രഭാത ഭക്ഷണത്തിന് എത്തി കൂടിക്കാഴ്ച നടത്തിയത്.