കേരളത്തിൽ യു.ഡി.എഫിന് മുൻതൂക്കം; പിണറായി സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമെന്ന് എൻ.ഡി.ടി.വി സർവേ
പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനത്തിൽ 52 ശതമാനം ജനങ്ങളും അതൃപ്തരാണ്
തിരുവനന്തപുരം: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം മാറുമെന്ന് എൻ.ഡി.ടി.വി 'വോട്ട് വൈബ് ഇന്ത്യ' കേരള ട്രാക്കർ സർവേ. പത്തു വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് ശേഷം യു.ഡി.എഫ് അധികാരത്തിൽ വരാനുള്ള ശക്തമായ സാധ്യതയാണ് സർവേ പ്രവചിക്കുന്നത്. പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനത്തിൽ 52 ശതമാനം ജനങ്ങളും അതൃപ്തരാണ്.
സർക്കാരിന്റെ പ്രകടനം വളരെ മോശമാണെന്ന് പകുതിയിലധികം പേർ അഭിപ്രായപ്പെട്ടപ്പോൾ, മികച്ചതെന്ന് രേഖപ്പെടുത്തിയത് വെറും 23.8 ശതമാനം പേർ മാത്രമാണ്. അടുത്ത മുഖ്യമന്ത്രിയായി വോട്ടർമാർ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയാണ് (22.4%). പിണറായി വിജയൻ (18%), കെ.കെ. ശൈലജ (16.9%) എന്നിവരാണ് തൊട്ടുപിന്നാലെയുള്ളത്. യു.ഡി.എഫ് 32.7 ശതമാനം വോട്ട് വിഹിതത്തോടെ ഒന്നാമതെത്തുമെന്ന് സർവേ പറയുന്നു.
എൽ.ഡി.എഫ് 29.3 ശതമാനവും എൻഡിഎ 19.8 ശതമാനവും വോട്ട് നേടാൻ സാധ്യതയുണ്ട്. ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാത്ത 15 ശതമാനം വോട്ടർമാരുടെ നിലപാട് തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണ്ണായകമാകും. യു.ഡി.എഫിന് അനുകൂല സാഹചര്യമാണെങ്കിലും കോൺഗ്രസിലെ ഗ്രൂപ്പിസത്തെ 42 ശതമാനം വോട്ടർമാരും ആശങ്കയോടെയാണ് കാണുന്നത്. ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറിന് 14.7 ശതമാനം പിന്തുണ ലഭിച്ചത് എൻ.ഡി.എയുടെ വളർച്ചയെയും സൂചിപ്പിക്കുന്നു.
What's Your Reaction?