ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ: കേരള മുസ്ലിം ജമാഅത്ത് ധനസഹായം സർക്കാരിന് കൈമാറി
2019 ലെ ദുരന്ത ബാധിതർക്ക് മുസ്ലിം ജമാഅത്ത് 13 വീടുകൾ നിർമിച്ചു നൽകിയിരുന്നു
തിരുവനന്തപുരം: വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്ലിം ജമാഅത്ത് രണ്ട് കോടി രൂപ സർക്കാറിന് കൈമാറി. ചൂരൽമല-മുണ്ടക്കൈ പുനരധിവാസത്തിൽ സർക്കാറുമായി സഹകരിക്കുമെന്ന് മുസ്ലിം ജമാഅത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരിയാണ് ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുല്ല, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ദീൻഹാജി, എസ് വൈ എ സ് സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ദീഖ് സഖാഫി നേമം എന്നിവർ സന്നിഹിതരായിരുന്നു.
പ്രസ്ഥാന ബന്ധുക്കൾ നേരിട്ട് നൽകിയ സഹായത്തോടൊപ്പം കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, ഐ സി എഫ്, ആർ എസ് സി പ്രവർത്തകരും മുന്നിട്ടിറങ്ങിയാണ് ഫണ്ട് സമാഹരിച്ചത്. 2019 ലെ ദുരന്ത ബാധിതർക്ക് മുസ്ലിം ജമാഅത്ത് 13 വീടുകൾ നിർമിച്ചു നൽകിയിരുന്നു. ഉരുൾപൊട്ടൽ നടന്ന സമയം മുതൽ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാർ ദുരന്തബാധിതതരെ സഹായിക്കാനായി സജീവമായി രംഗത്തിറങ്ങിയിരുന്നു.
What's Your Reaction?

