തൃശൂരിൽ വീണ്ടും 'കിറ്റ്' വിവാദം; വാടാനപ്പള്ളിയിൽ നടൻ ദേവൻ ഇരുന്ന ഗോഡൗണിൽ കോൺഗ്രസ് ഉപരോധം, സംഘർഷം
തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃശൂർ വാടാനപ്പള്ളിയിൽ ബിജെപി കിറ്റ് വിതരണം ചെയ്യുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയത് വലിയ സംഘർഷത്തിന് കാരണമായി. ബിജെപി നേതാവും നടനുമായ ദേവൻ ഉണ്ടായിരുന്ന ഗോഡൗണിലാണ് കിറ്റുകൾ സൂക്ഷിച്ചിരുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടിയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു.
വാടാനപ്പള്ളിയിലെ 'ചാംപ്യൻ സൂപ്പർ മാർക്കറ്റ്' ഗോഡൗണിൽ ബിജെപി നേതാക്കൾ ഉണ്ടെന്ന വിവരത്തെത്തുടർന്നാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. ബിജെപി നേതാവ് ബഗീഷ് പൂരാടനൊപ്പം നടൻ ദേവൻ ഗോഡൗണിന് മുകളിലെ മുറിയിൽ നിന്ന് പുറത്തേക്ക് വന്നതോടെ ഇരുവിഭാഗം പ്രവർത്തകരും നേർക്കുനേർ മുദ്രാവാക്യം വിളികളുമായി ഏറ്റുമുട്ടി.
ഗോഡൗണിൽ നിന്ന് കണ്ടെത്തിയ കിറ്റുകൾ തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് പരിശോധനയ്ക്ക് ശേഷം സീൽ ചെയ്തു. സൂപ്പർമാർക്കറ്റ് ഉടമ പ്രവീൺ ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബഗീഷ് പൂരാടന്റെ വാഹനമുൾപ്പെടെ പോലീസ് വിശദമായി പരിശോധിച്ചു.
ഏകദേശം നാലായിരത്തോളം കിറ്റുകൾ വിതരണം ചെയ്യാനായി ബിജെപി ഇവിടെ തയ്യാറാക്കി വെച്ചിരുന്നുവെന്നാണ് കോൺഗ്രസിന്റെ പരാതി. നാല് വാഹനങ്ങളിലായി ഇതിനോടകം തന്നെ പലയിടത്തും കിറ്റുകൾ വിതരണം ചെയ്തതായും ആരോപണമുണ്ട്. സ്ഥലത്ത് ഇപ്പോഴും കനത്ത പോലീസ് കാവൽ തുടരുകയാണ്.
What's Your Reaction?