വാഷിങ്ടണ്‍: ലോക സമാധാനത്തിന് വേണ്ടിയെന്ന വാദവുമായി പുതിയ അന്താരാഷ്ട്ര സംഘടന രൂപീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'ബോര്‍ഡ് ഓഫ് പീസ്' എന്ന പേരിലുള്ള പുതിയ സംഘടന ഇനി ഔദ്യോഗിക അന്താരാഷ്ട്ര സംഘടനയാകും.
ബോർഡ് ഓഫ് പീസ് എന്ന സംഘടനയിൽ ട്രംപ് സ്ഥിരം ബോർഡ് മേധാവിയായി തുടരും. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ ചേര്‍ന്ന ലോക എക്കണോമിക് ഫോറത്തിലാണ് ട്രംപ് പുതിയ സംഘടനയില്‍ ഒപ്പുവെച്ചത്. അംഗത്വമെടുത്തവര്‍ ഒരു ബില്യണ്‍ ഡോളര്‍ ധനസഹായം നല്‍കണമെന്ന് ട്രംപ്.
അൻപതോളം രാജ്യങ്ങൾക്കാണ് ട്രംപ് ക്ഷണം അയച്ചിരിക്കുന്നത്. എന്നാൽ ഇതുവരെ ഒപ്പുവെച്ചത് പാകിസ്ഥാനും സൗദിയും അടക്കം 19 രാജ്യങ്ങൾ മാത്രമമാണ്. ഇന്ത്യ, ചൈന, റഷ്യ, ഫ്രാന്‍സ്, യുകെ തുടങ്ങി അമേരിക്ക ഒഴികെ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിലെ ഒരു സ്ഥിര അംഗവും ജി7ലെ ഒരു അംഗവും ഇതില്‍ അംഗത്വമെടുത്തിട്ടില്ല.
ഐക്യരാഷ്ട്ര സംഘടനക്ക് ബദലായാണ് ട്രംപിന്റെ പുതിയ നീക്കമെന്നതാണ് ഉയരുന്ന ആശങ്ക. എന്നാൽ ഗാസയില്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കുമെന്ന് അവകാശപ്പെട്ടാണ് സംഘടന രൂപം കൊണ്ടത്.