തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതൽ ചിത്രങ്ങൾ പുറത്ത്. ബെംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്.
അടൂര്‍ പ്രകാശിനെ കാണുമ്പോള്‍ പോറ്റിയുടെ സുഹൃത്തും സ്‌പോണ്‍സറുമായ രമേശ് റാവുവും പോറ്റിക്ക് ഒപ്പമുണ്ട്. പോറ്റിയും രമേഷ് റാവുവും ചേർന്ന് അടൂർ പ്രകാശിന് പലപ്പോഴായി സമ്മാനപ്പൊതികളും പണമടങ്ങിയ കവറുകളും കൈമാറിയതായും ആരോപണമുണ്ട്.
പോറ്റിയുടെ കേരളത്തിലെയും ബംഗളൂരുവിലെയും വീടുകളിലെ സ്ഥിരം സന്ദർശകനായിരുന്നു അടൂർ പ്രകാശ് എന്ന് പുറത്തു വന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. പോറ്റിയുടെ സഹോദരിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിലും അടൂര്‍ പ്രകാശ് എത്തിയിരുന്നു.
ഉപഹാരം കൈമാറുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ അടൂർ പ്രകാശ് കൂടുതൽ കുരുക്കിലാകുകയാണ്. സ്വന്തം മണ്ഡലത്തിലെയാള്‍ എന്ന തരത്തിലുള്ള പരിചയം മാത്രമാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ളത് എന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞിരുന്നത്.