തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. 100 നോട്ടിക്കൽ മൈൽ അകലെയുളള യുദ്ധകപ്പലിൽ നിന്നും പറന്നുയർന്ന വിമാനമാണ് അടിയന്തരമായി ഇറക്കിയത്. ശനിയാഴ്ച രാത്രി 9.30 ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
ഏറെ നേരം ആകാശത്ത് വട്ടമിട്ട് പറന്ന ശേഷമാണ് വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തത്. ബ്രിട്ടീഷ് യുദ്ധവിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു.
പ്രതിരോധ മന്ത്രാലയത്തെ അനുമതി തേടിയ ശേഷമാണ് വിമാനം ലാന്‍ഡ് ചെയ്തത്. സുരക്ഷാ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാനം വിട്ടുനല്‍കും. കടൽ പ്രക്ഷുബ്ധമായതിനാൽ വിമാനം തിരികെ ഇറക്കാൻ കഴിയാതെ വരുകയായിരുന്നു. തുടർന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം ഇറക്കിയത്. ഇമ്മിഗ്രേഷൻ, എയർഫോഴ്സ്, ക്ലിയറൻസിന് ശേഷമേ വിമാനത്തില്‍ ഇന്ധനം നിറക്കൂ. വിമാനത്തിൽ ഉദ്യോഗസ്ഥരുടെ പരിശോധനയും ഉണ്ടാവുമെന്ന് തിരുവനന്തപുരം വിമാനത്താവളം അധികൃതർ അറിയിച്ചു.