കനത്ത മഴ: ശക്തമായ കാറ്റിനും സാധ്യത, അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
വടക്കൻ ജില്ലകളിൽ അടുത്ത അഞ്ചുദിവസം അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് (ജൂണ്‍ 15) റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ (ജൂണ്‍ 16, തിങ്കളാഴ്ച) മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 17ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലർട്ട് തുടരും. സംസ്ഥാനത്ത് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ ജില്ലകളിൽ അടുത്ത അഞ്ചുദിവസം അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ട്.
വടക്കൻ കർണാടകയ്ക്കും മറാഠ്‌വാഡയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴ തീവ്രമാകാൻ കാരണം. മറ്റൊരു ചക്രവാതച്ചുഴി വടക്കൻ തീരദേശ ആന്ധ്രപ്രദേശിനു സമീപം ബംഗാൾ ഉൾക്കടലിനു മുകളിലായും രൂപംകൊണ്ടിട്ടുണ്ട്. കേരള തീരത്ത് ഇന്നു രാത്രി എട്ടര വരെ 2.8 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
What's Your Reaction?






