ഐ. ബി ഉദ്യോഗസ്ഥയുടെ മരണം; ആൺസുഹൃത്തിനെ കാണാൻ പലവട്ടം മേഘ കൊച്ചിയിലേയ്ക്ക് പോയി, ആരോപണങ്ങളുമായി കുടുംബം
ട്രെയിനിന് മുന്നിൽ ചാടുമ്പോൾ ഫോണിൽ സംസാരിച്ചിരുന്നത് സുകേഷുമായി

പത്തനംതിട്ട: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി. ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ കൂടുതൽ ആരോപണങ്ങളുമായി കുടുംബം. ട്രെയിനിന് മുന്നിൽ ചാടുമ്പോൾ ഫോണിൽ സംസാരിച്ചിരുന്നത് ഐ.ബി. ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകേഷുമായാണെന്ന് കുടുംബം ആരോപിച്ചു. മകൾക്ക് സുകേഷിന്റെ ഭീഷണി ഉണ്ടായിരുന്നതായും ഇതാവാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും കുടുംബം പറയുന്നു.
അതേസമയം മകളുടെ മരണത്തിൽ സാമ്പത്തിക ചൂഷണം നടന്നുവെന്ന് ആരോപിക്കുകയാണ് പിതാവ് മധുസൂദനൻ. സുകേഷിനെ കാണാൻ പലവട്ടം മേഘ കൊച്ചിയിലേയ്ക്ക് പോയിരുന്നു. സുകേഷും പലവട്ടം തിരുവനന്തപുരത്ത് വന്നിരുന്നു. എന്നാൽ യാത്രാ ചെലവുകളും മറ്റും വഹിച്ചിരുന്നത് മേഘയായിരുന്നു. മകളെ ഐ.ബി ഉദ്യോഗസ്ഥൻ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നാണ് പിതാവ് ആരോപിക്കുന്നത്.
ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം സുകേഷിന്റെ അക്കൗണ്ടിലേയ്ക്ക് മകൾ ട്രാൻസ്ഫർ ചെയ്തു നൽകിയതായും മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിൽ കേവലം 80 രൂപ മാത്രമായിരുന്നുവെന്നുമാണ് പിതാവ് മധുസൂദനൻ ആരോപിക്കുന്നത്. ഇക്കാര്യവും കൂടി പേട്ട പോലീസ് പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മേഘയുടെ അക്കൗണ്ട് വിവരങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ട്
What's Your Reaction?






