താമരശ്ശേരി: വയനാട് തുരങ്കപാത പദ്ധതി മലബാറിന്റെ വാണിജ്യ, വ്യവസായ, ടൂറിസം മേഖലകൾക്ക് കുതിപ്പ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പദ്ധതി താമരശ്ശേരി ചുരം വഴിയുള്ള ഗതാഗത പ്രശ്‌നങ്ങൾക്കു ശാശ്വത പരിഹാരമായിരിക്കുമെന്നും വയനാടിനെ സംബന്ധിച്ചിടത്തോളം ഇതൊരു സ്വപ്നസാഫല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിർമ്മാണം പൂർത്തിയാകുമ്പോൾ കേരളത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാതയാകും ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത. ഇന്ത്യയിലെ തന്നെ ഏറ്റവും ദൈർഘ്യമുള്ള മൂന്നാമത്തെ തുരങ്കപാതയും ഇതായിരിക്കും. പൂർണ്ണമായും സംസ്ഥാന സർക്കാർ ഫണ്ട് ചെയ്യുന്ന ഈ പദ്ധതിക്കായി കിഫ്ബി മുഖാന്തരം 2143 കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് നൽകിയിട്ടുള്ളത്.
നാം ഇന്നു ജീവിക്കുന്നതിലും മെച്ചപ്പെട്ട പരിസ്ഥിതിയോടെ ഈ ഭൂമിയെ വരുംതലമുറയ്ക്ക് കൈമാറണം. ഒപ്പം അവർക്കുവേണ്ടി ഭാവിയെ മുന്നിൽ കണ്ടുള്ള വികസന പദ്ധതികൾ നടപ്പാക്കുകയും വേണം. അതാണ് കേരളത്തിന്റെ സുസ്ഥിര വികസന മാതൃക. ആ മാതൃകയുടെ ദൃഷ്ടാന്തമായി ലോകത്തിനു മുന്നിൽ തലയെടുപ്പോടെ നിൽക്കാൻ പോകുന്ന പദ്ധതിയായിരിക്കും ഈ തുരങ്കപാത.