പുതുപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം ഇന്ന്. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് ഓർമ്മയായിട്ട് രണ്ട് വർഷം ആയിരിക്കുകയാണ്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ കുര്‍ബാനയും ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടക്കുകയാണ്.
കെപിസിസി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം പുതുപ്പള്ളിയിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. രാഹുൽ ഗാന്ധി അദ്ദേഹത്തിന്‍റെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി. കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന 12 വീടുകളുടെ താക്കോൽദാനവും കേൾവി ശക്തി നഷ്ടപ്പെട്ട കുട്ടികൾക്കായി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയ ശ്രുതിതരംഗം പദ്ധതിയുടെ രണ്ടാഘട്ടത്തിനും ഇന്ന് തുടക്കമാകും.
2020-ൽ നിയമസഭ അംഗമായി 50 വർഷം പിന്നിട്ട ഉമ്മൻ ചാണ്ടി 2004-2006, 2011–2016 എന്നീ വർഷങ്ങളിൽ രണ്ട് തവണയായി ഏഴ് വർഷക്കാലം കേരള മുഖ്യമന്ത്രിയായിരുന്നു. തൊഴിൽവകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991–1994), 12-ാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് (2006–2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
1970 മുതൽ 2023 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയായി 53 വർഷം കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 2023 വരെ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും 2018 മുതൽ 2023 വരെ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായിരുന്നു. ഏറ്റവും കൂടുതൽ (19,078) ദിവസം നിയമസഭ സാമാജികനായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവ്എന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്.