കൊച്ചി: എലപ്പുള്ളി ബ്രൂവറിയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയിൽ വൻ തിരിച്ചടി. എലപ്പുള്ളി ബ്രൂവറിക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. കാര്യമായ അപഗ്രഥനം നടത്താതെയാണ് പ്രാഥമിക അനുമതി നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി റദ്ദാക്കിയത്.
ഒയേസിസ് കമ്പനിക്ക് നല്‍കിയ പ്രാഥമിക അനുമതിയാണ് ഹൈക്കോടതി റദ്ദാക്കിയത്. വിശദമായ പഠനം നടത്തിയ ശേഷം അനുമതി നൽകണോ വേണ്ടയോ എന്ന് സംബന്ധിച്ച് സർക്കാരിന് വീണ്ടും തീരുമാനിക്കാമെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
പൊതുതാൽപര്യ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നടപടി ക്രമങ്ങളിലെ വീഴ്ചയാണ് തിരിച്ചടിക്ക് കാരണം. മലിനീകരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബ്രൂവറി ആരംഭിക്കുന്നതിനെതിരേ പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു. ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതും കൃഷിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നായിരുന്നു നേരത്തെ പദ്ധതിക്കെതിരെ ഉയർന്ന പ്രധാനവിമർശനം.