ഹൈദരാബാദ് : ഹൈദരാബാദിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗത്തെ വെടിവെച്ചുകൊലപ്പെടുത്തി. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും നാഗർകുർനൂൽ അച്ചംപേട്ട് സ്വദേശിയുമായ ചന്തു റാത്തോഡിനെയാണ് അക്രമി സംഘം വെടിവച്ച് കൊന്നത്. ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്.
മലക്പേട്ടയിലെ ഷാലിവാഹന നഗർ പാർക്കിൽ വെച്ചാണ് സംഭവം നടന്നത്. സ്വിഫ്റ്റ് കാറിൽ എത്തിയ അക്രമിസംഘം മുഖത്തേക്ക് മുളക് പൊടി വിതറിയ ശേഷം വെടിയുതിർക്കുകയായിരുന്നു. ഒന്നിലേറെ തവണയാണ് അക്രമികൾ വെടിയുതിർത്തത്. ചന്തു സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
അക്രമികൾ വെടിയുതിർത്ത ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്നാണ് വിവരം. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.