കൊച്ചി: എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ മർദിച്ച സംഭവത്തിൽ സിഐ പ്രതാപചന്ദ്രനെ സസ്‌പെൻഡ് ചെയ്തു. മർദന ദൃശ്യങ്ങൾ പുറത്തുവന്ന ഉടൻ തന്നെ വിഷയത്തിൽ കർശനനടപടി എടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയ്ക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.
അന്വേഷണ വിധേയമായിട്ടാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. നിലവിൽ അരൂർ പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയാണ് പ്രതാപചന്ദ്രൻ. ദക്ഷിണ മേഖലാ ഐജി ശ്യാം സുന്ദറാണ് സസ്‌പെൻഡ് ചെയ്തത്. എഡിജിപിയുടെ നിർദേശപ്രകാരമാണ് നടപടി.
2024ൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ പ്രതാപചന്ദ്രനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്. ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സ്റ്റേഷനിൽ എത്തിയ ഗർഭിണിയായ ഷൈമോൾ എന്ന യുവതിയെയാണ് സിഐ പ്രതാപചന്ദ്രൻ മർദിച്ചത്.
സംഭവത്തിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കാം. സംഭവം നടക്കുമ്പോൾ സ്റ്റേഷനിൽ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരെ കുറിച്ചുള്ള ആഭ്യന്തര അന്വേഷണം നടത്താൻ കൂടി തീരുമാനമായിട്ടുണ്ട്.