കൊച്ചി: ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് ആരോപിച്ച് സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ബിജു (54) ആണ് തിങ്കളാഴ്ച മരിച്ചത്. ആലുവ രാജഗിരി ആശുപത്രിയ്ക്കെതിരെ പരാതി ഉയർന്നിരിക്കുന്നത്.
നടുവേദനയ്ക്ക് കീ ഹോൾ ശസ്ത്രക്രിയ നടത്തിയ രോഗിയാണ് മരിച്ചത്. ബിജുവിന്റെ സഹോദരന്‍ ബിനു (44) നല്‍കിയ പരാതിയിലാണ് കേസെടുത്തത്. നടുവേദനയ്ക്ക് താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയപ്പോൾ ഞരമ്പ് മുറിഞ്ഞതിനെ തുടർന്നാണ് ബിജു തോമസ് മരിച്ചതെന്ന് കുടുംബം പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ആന്തരിക രക്തസ്രാവം രോഗിക്ക് ഉണ്ടായെന്ന് ഡോക്ടര്‍ പറഞ്ഞതായി ബിനു പറയുന്നു. കഴിഞ്ഞ മാസം 25ന് ആയിരുന്നു ബിജു നടുവേദനയുമായി എത്തുന്നത്. ഡിസ്‌കില്‍ ഞരമ്പ് കയറിയതായിരുന്നു നടുവേദനയ്ക്ക് കാരണം. പിന്നാലെ ആയിരുന്നു ശസ്ത്രക്രിയ.27ാം തീയതിയാണ് കീഹോള്‍ സര്‍ജറി നടത്തുന്നത്.
അന്ന് രാത്രി തന്നെ ബിജുവിനെ റൂമിലേക്ക് മാറ്റിയിരുന്നു. അപ്പോൾ വയറുവേദയുള്ളതായി സഹോദരന്‍ പറഞ്ഞെന്നും വയര്‍ വീര്‍ത്തിരിക്കുന്നതും കണ്ടുവെന്നും സഹോദരന്‍ പറയുന്നു.തുടര്‍ന്ന് ഗ്യാസ്‌ട്രോയുടെ ഡോക്ടര്‍ പരിശോധിക്കുകയും ഗ്യാസിനുള്ള മരുന്ന് നല്‍കുകയും ചെയ്തു. അടുത്ത ദിവസം ബിജുവിനോട് നടക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം തളർന്നു വീഴുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബി പിയിൽ വ്യതിയാനമുണ്ടെന്നും രക്തസ്രാവം ഉണ്ടെന്നും കണ്ടെത്തിയത്.
ശേഷം വെന്റിലേറ്ററിലേക്ക് മാറ്റുകയും 28-ാം തീയതി മറ്റൊരു ശസ്ത്രക്രിയ നടത്തുകയും ചെയ്തു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചുവെന്നുമാണ് കുടുംബം പറയുന്നത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഇദ്ദേഹത്തിന് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും ബിപിയിലുണ്ടായ വ്യതിയാനമാണ് മരണത്തിലേക്ക് നയിച്ചതെന്നും ആശുപത്രി അധികൃതർ പറയുന്നു.