തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. യൂറോളജി വിഭാഗത്തിൽ വകുപ്പ് മേധാവിയുടെ നേതൃത്വത്തിലുള്ള യൂണിറ്റ് ഒന്നിലെ ശസ്ത്രക്രിയകൾ തുടരും.
മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ഹൈദരാബാദിൽ നിന്ന് വിമാന മാർഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങൾ എത്തിച്ചത്.
ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങളാണ് ആശുപത്രിയിൽ എത്തിച്ചത്.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഇടപെട്ടാണ് പ്രോബ് എത്തിക്കുന്നതിന് നിർദ്ദേശം നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധികൾ സംബന്ധിച്ച് ഫേസ്ബുക്ക് കുറിപ്പിൽ പരാതിയുമായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ സംഭവം ഏറെ വിവാദമായിരുന്നു.