പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി. ചെന്താമരക്കെതിരെ ചുമത്തിയ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു.
മറ്റന്നാളായിരിക്കും (ഒക്ടോബര്‍ 16) കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. മുഖത്ത് ഭാവഭേദങ്ങളേതുമില്ലാതെയാണ് ചെന്താമര വിധികേട്ടത്. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി. കേസിൽ 51 സാക്ഷികളെ വിസ്തരിച്ചു. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു.
2019ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തുന്നത്. തന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം അയൽവാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം. ഇയാളുടെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം കൊല്ലപ്പെട്ട സജിതയാണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്നാണ് സജിതയെ ഇയാൾ കൊലപ്പെടുത്തിയത്.