കോട്ടയം: ശബരിമലയിലെ ദ്വാരപാലക ശിൽപത്തിന്‍റെ സ്വർണപ്പാളി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ആന്ധ്രാ പ്രദേശിലും എത്തിച്ചുവെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ആന്ധ്രയിലെ പെന്തൂർത്തി ക്ഷേത്രത്തിലാണ് സ്വർണ്ണപാളി എത്തിച്ചത്. പണപ്പിരിവായിരുന്നു ലക്ഷ്യമെന്നാണ് പുറത്തുവരുന്ന വിവരം.
ആന്ധ്രയിൽ നിന്നുള്ള ഭക്തരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കാനാണ് ദേവസ്വം വിജിലൻസ് തീരുമാനം. പെന്തുർത്തിയിലെ അയ്യപ്പ ക്ഷേത്രം ഉത്തര ആന്ധ്ര ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. 2020ലാണ് ഈ അയ്യപ്പക്ഷേത്രം സ്ഥാപിച്ചത്.
ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ആന്ധ്രയിൽ നിന്നുള്ള ഭക്ത സംഘടനയുമാണ്. ശബരിമല മാതൃകയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അതേസമയം ദ്വാരപാലക ശിൽപത്തിലുണ്ടായിരുന്നത് ചെമ്പാണെന്ന സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദങ്ങൾ പൊളിയുന്നു.
ശബരിമലയിലെ ദ്വാരപാലകരുടെ ശിൽപത്തിൽ 1999 ൽ സ്വർണം പൂശിയെന്നാണ് ദേവസ്വം രജിസ്റ്ററിലും മഹസറിലും രേഖപ്പെടുത്തിയിരുന്നത്. 1999 ൽ വിജയ് മല്യ ശബരിമല ശ്രീകോവിലിൽ സ്വർണം പൂശിയപ്പോൾ അക്കൂട്ടത്തിൽ ദ്വാരപാലക ശിൽപങ്ങളും ഉൾപ്പെടുത്തിയിരുന്നു എന്നാണ് ദേവസ്വം രജിസ്റ്ററിലും മഹസറിലും രേഖപ്പെടുത്തിയിരിക്കുന്നത്.
വീണ്ടും സ്വർണം പൂശാൻ വേണ്ടിയാണ് 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തത്. ഹൈക്കോടതിയുടേതാണ് കണ്ടെത്തൽ. 2019 ൽ താൻ കൊണ്ടുപോയത് ചെമ്പാണെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം. ഈ വാദമാണ് ഇപ്പോൾ പൊളിയുന്നത്.