ഡൽഹി: ചുമ സിറപ്പുകൾ കഴിച്ച കുട്ടികൾ മരിച്ചെന്ന പരാതി ഉയർന്നതിനെ തുടർന്ന് കർശന നടപടികൾ സ്വീകരിച്ച് രാജസ്ഥാൻ സർക്കാർ. മരണത്തിന് കാരണമായ മരുന്നുകൾ നിർമിച്ച കെയ്‌സണ്‍ ഫാര്‍മയുടെ 19 കഫ് സിറപ്പ് നിരോധിച്ചു.
ഡെക്‌സ്ട്രോമെത്തോർഫാൻ അടങ്ങിയ കഫ് സിറപ്പുകളുടെ വിൽപ്പനയാണ് നിരോധിച്ചത്. വിഷയത്തിൽ സംസ്ഥാന ഡ്രഗ് കൺട്രോളർ രാജാറാം ശർമ്മയെ സസ്‌പെൻഡ് ചെയ്തു. കൂടാതെ രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. മരുന്ന് നിർദേശിക്കുന്നതിൽ സ്വകാര്യ സ്ഥാപനങ്ങളടക്കം ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.
പതിനൊന്ന് കുട്ടികളാണ് രാജസ്ഥാനിലും മധ്യപ്രദേശിലും സൗജന്യമായി കിട്ടിയ കഫ് സിറപ്പ് കഴിച്ച് മരിച്ചത്. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ നിർദ്ദേശിച്ചു. കൂടാതെ സിഒപിഡി അടക്കമുള്ള രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകൾ നിയന്ത്രിക്കുമെന്നും നിർദേശം നൽകി.